അമൃതപുരി: തൃശൂര്‍ വെടിക്കെട്ട് അപകടത്തിലും കൊല്ലം തിരുവനന്തപുരം മേഖലകളിലുണ്ടായ ബോട്ട് ദുരന്തത്തിലും മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മാതാ അമൃതാനന്ദമയി മഠം. വിശ്വസേവാ ദിനത്തോടനുബന്ധിച്ച് നാളെ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനില്‍നിന്ന് കുടുംബാംഗങ്ങള്‍ ധനസഹായം ഏറ്റുങ്ങും.
ആസാമിലും നേപ്പാളിലുമുണ്ടയ മിന്നൽപ്രളയത്തിലും തുടർന്നുള്ള ഹിമപാതത്തിലും അകപ്പെട്ടവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ വീതം ധനസഹായവും നൽകും. അമൃതപുരിയില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്ന് ആസാം വിദ്യാഭ്യാസ മന്ത്രി ഡോ. രനോജ് പെഗുവും ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ ഡോ. സുരേന്ദ്ര ഥാപയും ധനസഹായം ഏറ്റുവാങ്ങും.
വിശ്വസേവാ ദിനാഘോഷത്തോടനുബന്ധിച്ച് ആയിരം പേർക്ക് സൗജന്യ വിദഗ്ധ ചികിത്സയ്ക്കായി 20 കോടി രൂപയുടെ പദ്ധതിയും പ്രഖ്യാപിച്ചു. കേരളത്തിലാദ്യമായി ഗർഭപാത്രം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടപ്പാക്കും. ഈ പദ്ധതിക്കായി ഒരു രോഗിയെ ഇതിനോടകം തെരഞ്ഞെടുത്തിട്ടുണ്ടെന്ന് മഠം അധികൃതർ അറിയിച്ചു.
കൂടാതെ 300 ഓപ്പൺ ഹാർട്ട് സർജറികൾ, 50 കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, 50 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, 50 ന്യൂറോ സർജറികൾ, 50 കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ, 500 കാൻസർ രോഗികൾക്കുള്ള സൗജന്യ ചികിത്സ എന്നിവയും ചികിത്സാ പദ്ധതിയുടെ ഭാഗമായി നടത്തും.
വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്നു വൈകുന്നേരം നടക്കുന്ന പ്രത്യേക ചടങ്ങിൽ ചികിത്സാ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.