മാവേലിക്കര: മാവേലിക്കരയിൽ പച്ചക്കറിക്കടയിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി ഷഫീക്ക് ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ മാവേലിക്കര പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഓഗസ്റ്റ് 31ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറിക്കട കുത്തിത്തുറന്ന് 25,000 രൂപയാണ് പ്രതി കവർന്നത്. മോഷണത്തിന് ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
പിടിയിലായ പ്രതി ചോദ്യം ചെയ്യലിൽ കായംകുളത്ത് നിന്ന് ഒരു സ്കൂട്ടർ മോഷ്ടിച്ച കാര്യവും വെളിപ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.