തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ ലഭിച്ച തുക സ്കൂൾ വിദ്യാർഥികളുടെ സായാഹ്ന ഭക്ഷണ പദ്ധതിക്കായി നൽകി മാതൃകയായിരിക്കുകയാണ് മൂന്ന് അധ്യാപികമാർ. പൊന്മുടി ഗവ. യുപി സ്കൂളിലെ അധ്യാപികമാരായ പി. നിമിഷ, ജയശ്രീ ദേവൻ, ഷാലു പൗലോസ് എന്നിവരാണ് ഈ മാതൃകാപ്രവർത്തി ചെയ്തത്.
തോട്ടം തൊഴിലാളികളായ രക്ഷിതാക്കൾ ജോലി കഴിഞ്ഞ് വൈകി വീട്ടിലെത്തുന്നതിനാൽ കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ ഭക്ഷണം ലഭിക്കാതെ വന്നിരുന്നു. ഈ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സ്കൂൾ മൂന്ന് വർഷം മുമ്പ് സായാഹ്ന ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടത്.
എന്നാൽ കുട്ടികൾക്ക് കൂടുതൽ പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ അധിക തുക ആവശ്യമായി വന്നതോടെയാണ് അധ്യാപികമാർ സഹായവുമായി എത്തിയത്. മലപ്പുറം മഞ്ചേരി സ്വദേശിനിയായ നിമിഷ, പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ജയശ്രീ, വയനാട് സുൽത്താൻ ബത്തേരി സ്വദേശിനിയായ ഷാലു പൗലോസ് എന്നിവർ വിതുരയിലാണ് വാടകയ്ക്ക് താമസിക്കുന്നത്.
അവിടെ നിന്ന് സ്കൂളിലേക്ക് ദിവസേന 56 രൂപയായിരുന്നു ബസ് ചാർജ്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെ തങ്ങൾക്ക് പ്രതിദിനം ലാഭിക്കാൻ കഴിഞ്ഞ 168 രൂപ കുട്ടികളുടെ സായാഹ്ന ഭക്ഷണ പദ്ധതിയിലേക്ക് സംഭാവന ചെയ്യാൻ ഇവർ തീരുമാനിക്കുകയായിരുന്നു.