ബംഗളൂരു: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധിയെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇന്ത്യക്കു സാധിച്ചത് കഴിഞ്ഞ പത്തു വർഷമായി ഊർജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളിലൂടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പെട്രോൾ, ഡീസൽ, എൽപിജി ഉത്പാദനശേഷി വർധിപ്പിച്ചതും ക്രൂഡ് ഓയിൽ സംഭരണശേഷി വികസിപ്പിച്ചതും സൗരോർജം, ജലവൈദ്യുതി, കാറ്റാടി വൈദ്യുതി മേഖലകളിലെ മുന്നേറ്റവും പ്രതിസന്ധിയെ തരണം ചെയ്യാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
കർണാടകയിൽ 15,600 കോടിയിലധികം രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പുനരുപയോഗ ഊർജശേഷി 300 ജിഗാവാട്ട് കടന്നതായും ആണവോർജ ഉത്പാദനം വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
മംഗളൂരുവിലെ എൽപിജി സംഭരണപദ്ധതി രാജ്യത്തിന്റെ സംഭരണശേഷി 80,000 മെട്രിക് ടണ്‍ വർധിപ്പിക്കും. ബംഗളൂരുവിലെ ദേവനഗുണ്ടി മാർക്കറ്റിംഗ് ടെർമിനൽ ഇന്ധനവിതരണം കൂടുതൽ കാര്യക്ഷമമാക്കും. നഗരത്തിലെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിൽ പ്രതിദിനം 13 ടണ്‍ ബയോഗ്യാസ് ഉത്പാദിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതിയിലൂടെ രാജ്യത്ത് 60 ലക്ഷത്തിലധികം കുടുംബങ്ങൾ വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിച്ചു. കർണാടകയിൽ മാത്രം 40,000ത്തിലധികം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ‘പിഎം കുസും’ പദ്ധതിയിലൂടെ കർണാടകയിലെ കർഷകർക്ക് എട്ടു ലക്ഷത്തിലധികം സൗരോർജ പന്പുകളും ലഭ്യമാക്കിയതായി അദ്ദേഹം പറഞ്ഞു.
ബംഗളൂരുവിലെ മെട്രോ പിങ്ക് ലൈൻ പൊതുജനങ്ങൾക്കായി സമർപ്പിച്ച മോദി, 2014ൽ 17 കിലോമീറ്റർ മാത്രമായിരുന്ന നമ്മ മെട്രോ ശൃംഖല ഇന്ന് 100 കിലോമീറ്റർ പിന്നിട്ടതായി ചൂണ്ടിക്കാട്ടി. ബംഗളൂരുവിൽനിന്ന് മംഗളൂരു വഴി മഡ്ഗാവിലേക്കുള്ള വന്ദേഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്തു.
കർണാടകയിലെ കുപ്പൽ, ഗദഗ്, ബീദർ, ദാവണഗെരെ, ചിത്രദുർഗ, ബല്ലാരി മേഖലകളിലെ പുനരുപയോഗ ഊർജ പദ്ധതികളുമായി ബന്ധപ്പെട്ട 10,000 കോടിയിലധികം രൂപയുടെ വൈദ്യുതിപ്രസരണ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു.