ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി രണ്ട് ഇന്ത്യൻ ഡോക്ടർമാർക്ക്.
മുഹമ്മദാലി ജിന്നയുടെ രോഗവിവരം രഹസ്യമായി സൂക്ഷിച്ചതിനാണ് ഇവർക്ക് മരണാനന്തര ബഹുമതിയായി നിഷാൻ ഇ ഇംതിയാസ് പുരസ്കാരം നൽകുന്നത്. മുംബൈയിലെ പാഴ്സി വിഭാഗത്തിലെ ഡോക്ടർമാർക്കാണു ബഹുമതി.
പാക് ആസൂത്രണ മന്ത്രി അഹ്സൻ ഇഖ്ബാലാണ് എക്സിൽ ഇക്കാര്യം അറിയിച്ചത്. ജിന്നയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏത് വെളിപ്പെടുത്തലും 1947ലെ പാക്കിസ്ഥാൻ രൂപവത്കരണത്തെ സ്വാധീനിക്കുമായിരുന്നെന്ന് അഹ്സൻ ഇഖ്ബാൽ പറഞ്ഞു.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ രഹസ്യങ്ങളിലൊന്നായാണു പല ചരിത്രകാരന്മാരും ഇതിനെ കണക്കാക്കുന്നത്. ജിന്ന ഗുരുതരാവസ്ഥയിലാണെന്ന് അറിയാമായിരുന്നെങ്കിൽ, വിഭജനം വൈകിക്കുമായിരുന്നെന്ന് മൗണ്ട് ബാറ്റൺ പ്രഭു പിന്നീട് സമ്മതിച്ചിരുന്നു.
ചരിത്രഗതിയിൽ മാറ്റം വരുത്താനും പാക്കിസ്ഥാന്റെ രൂപീകരണത്തെ പോലും അപകടത്തിലാക്കാനും സാധ്യതയുണ്ടായിരുന്നു-പാക് മന്ത്രി കൂട്ടിച്ചേർത്തു. ഡോക്ടർമാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
അക്കാലത്ത് ചികിത്സിക്കാൻ കഴിയാത്ത ക്ഷയരോഗമായിരുന്നു ജിന്നയ്ക്ക്. പാകിസ്ഥാൻ രൂപവത്കരണത്തിന് ഒരു വർഷത്തിനുശേഷം ജിന്ന അന്തരിച്ചു.