ന്യൂഡൽഹി: ബയോമെഡിക്കൽ മാലിന്യങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിന് 17 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി).
ദേശീയ ഹരിത ട്രൈബ്യൂണലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബയോമെഡിക്കൽ മാലിന്യങ്ങളുടെ കൈകാര്യം ചെയ്യൽ, സംസ്കരണം എന്നിവയിലെ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട ഹർജിയാണു ട്രൈബ്യൂണൽ പരിഗണിക്കുന്നത്.
ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം വളരെ പരിമിതമായ സാഹചര്യങ്ങളിൽ മാത്രം അനുവദനീയമായ ഒന്നാണ് ആഴത്തിൽ കുഴി കുഴിച്ച് സംസ്കരിക്കുന്ന രീതി. എന്നാൽ സംസ്ഥാനങ്ങൾ ഈ രീതിയാണു സ്വീകരിക്കുന്നതെന്ന് സിപിസിബി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.
പൊതുവായ ബയോമെഡിക്കൽ മാലിന്യസംസ്കരണ സംവിധാനങ്ങൾ ലഭ്യമല്ലാത്ത ഗ്രാമീണ അല്ലെങ്കിൽ വിദൂര പ്രദേശങ്ങളിൽ മാത്രമേ ഇതിന് അനുമതിയുള്ളൂ. കൂടാതെ, ഇതിനായി അതത് സംസ്ഥാന അഥോറിറ്റിയുടെ മുൻകൂർ അനുമതിയും ആവശ്യമാണ്.പല സംസ്ഥാനങ്ങളും മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയ വീഴ്ച വരുത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിൽ 111 സ്ഥാപനങ്ങളും രാജസ്ഥാനിൽ 33 സ്ഥാപനങ്ങളും ചട്ടങ്ങൾ പൂർണമായും ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാത്ത സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മലിനീകരണ നിയന്ത്രണ ബോർഡുകൾക്ക് സിപിസിബി നോട്ടീസ് അയച്ചിട്ടുണ്ട്. എട്ടാഴ്ചയ്ക്കുള്ളിൽ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കാനാണു നീക്കം.