കൊച്ചി: മെഡിസെപ് പദ്ധതിയുടെ ഭാഗമായി പട്ടികയില്‍ ചേര്‍ത്തിട്ടില്ലാത്ത ആശുപത്രിയില്‍ ചികിത്സ നല്കിയാലും പദ്ധതിയുടെ ഇന്‍ഷ്വറന്‍സ് ക്ലെയിം നിരസിക്കാനാകില്ലെന്നു ഹൈക്കോടതി.
ചികിത്സയുടെ അടിയന്തര സ്വഭാവവും ചെലവഴിച്ച തുകയുടെ വ്യക്തമായ തെളിവുകളും പരിശോധിച്ച് മെഡിസെപ് ആനുകൂല്യം നല്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുകയാണു വേണ്ടതെന്നും ജസ്റ്റീസ് വിജു ഏബ്രഹാം വ്യക്തമാക്കി. പോലീസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ കൊട്ടാരക്കര സ്വദേശി അനില്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
ബോണ്‍ മാരോ കാന്‍സര്‍ (മജ്ജ) ബാധിതനായ അനില്‍കുമാറിന് വിദഗ്ധ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുമായി പോലീസ് വകുപ്പില്‍നിന്നും മുന്‍കൂട്ടി അനുമതി ലഭിച്ചിരുന്നു. ഒരു കോടിയോളം രൂപ ചികിത്സയ്ക്കായി ചെലവായി. ആദ്യം ചികിത്സ തേടിയ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു മതിയായ സൗകര്യമില്ലാത്തതിനാല്‍ എറണാകുളം അമൃത ആശുപത്രിലേക്ക് മാറ്റേണ്ടിവന്നു.
എന്നാല്‍, ഈ ആശുപത്രി മെഡിസെപ് ഇന്‍ഷ്വറന്‍സില്‍ എംപാനല്‍ ചെയ്തതല്ലെന്ന കാരണം കാട്ടി ഇന്‍ഷ്വറന്‍സ് അധികൃതര്‍ ക്ലെയിം അപേക്ഷ തള്ളി. വര്‍ഷങ്ങളായി ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കൃത്യമായി അടയ്ക്കുന്ന ജീവനക്കാരനാണെന്നും അര്‍ഹമായ ആനുകൂല്യം സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് തടഞ്ഞുവയ്ക്കുന്നത് ന്യായമല്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, അടിയന്തര ഘട്ടങ്ങളില്‍ ജീവന് രക്ഷിക്കാന്‍ ലഭ്യമായ ഏറ്റവും മികച്ച ചികിത്സ തേടേണ്ടി വരുമ്പോള്‍ ആശുപത്രി ഇന്‍ഷ്വറന്‍സ് പാനലില്‍ ഉണ്ടോ എന്നതു മാത്രം നോക്കി ക്ലെയിം നിരസിക്കരുതെന്ന് കോടതി ചൂണ്ടിക്കാട്ടി.
എംപാനല്‍ ചെയ്തിട്ടില്ല എന്ന ഒറ്റക്കാരണത്താല്‍ അപേക്ഷ തള്ളാനാകില്ല. ഹാജരാക്കിയ ബില്ലുകളുടെ വിശ്വസനീയതയും ചികിത്സയുടെ നിജസ്ഥിതിയും മാത്രം പരിഗണിച്ച് ഒരു മാസത്തിനുളില്‍ അര്‍ഹമായ മുഴുവന്‍ തുകയും ഹര്‍ജിക്കാരനു നല്‍കാനും മെഡിസെപ് ജില്ലാ അധികൃതര്‍ക്കു കോടതി നിര്‍ദേശം നല്കി.