യുപിയിലെ മീററ്റിൽ പൊതുനിരത്തിലൂടെ ഒരൊറ്റ ബൈക്കിൽ ആറ് സ്കൂൾ വിദ്യാർഥികൾ അപകടകരമായി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുകയാണ്.
ഒരു കുട്ടി വാഹനം ഓടിക്കുമ്പോൾ മറ്റ് നാലുപേർ പുറകിൽ ഞെരുങ്ങിയിരിക്കുകയും, ആറാമത്തെ കുട്ടി മറ്റൊരു കുട്ടിയുടെ തോളിൽ കയറി ഇരിക്കുകയുമാണ് ചെയ്തത്.
സ്വന്തം ജീവനും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്കും ഒരുപോലെ ഭീഷണിയുയർത്തുന്ന ഈ യാത്രയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിച്ചതോടെ ട്രാഫിക് പൊലിസ് ഉടനടി അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട മീററ്റ് ട്രാഫിക് പൊലിസ് വൻ തുക പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടാനുള്ള നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരത്തിൽ അവിവേകം കാണിക്കുന്നതിന് രക്ഷിതാക്കൾക്കാണ് പൂർണ ഉത്തരവാദിത്തമെന്ന് വ്യക്തമാക്കിയ പൊലിസ് അധികാരികൾ, അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
ലൈക്കുകൾക്കും വൈറൽ സ്റ്റണ്ടുകൾക്കും വേണ്ടി സ്വന്തം ജീവിതം പണയം വെക്കുന്ന ഇത്തരം പ്രവണതകൾ തടയാൻ വീട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ മേൽനോട്ടം അനിവാര്യമാണെന്നാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്.