ബംഗളൂരു: പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോയ്ക്ക് ആദായനികുതി വകുപ്പ് 1,500 കോടി രൂപയുടെ നികുതി ഡിമാൻഡ് നോട്ടീസ് അയച്ചു.
2022-23 സാമ്പത്തിക വർഷത്തെ നികുതിയിനത്തിൽ പിഴയും പലിശയും ഉൾപ്പെടെ 1499.73 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായ നികുതി ഡിമാൻഡ് നോട്ടീസ് നൽകിയത്.
എന്നാൽ ആദായനികുതി വകുപ്പിന്റെ ഈ കണ്ടെത്തലുകളോട് തങ്ങൾ യോജിക്കുന്നില്ലെന്ന് മീഷോ വ്യക്തമാക്കി. ഇതിനെതിരേ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും കമ്പനിയുടെ സാമ്പത്തിക നിലയെ ഇത് ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
സമാനമായ രീതിയിൽ മുന്പ് ലഭിച്ച 572 കോടി രൂപയുടെ നികുതി നോട്ടീസിനെതിരേ മീഷോ കർണാടക ഹൈക്കോടതിയെ സമീപിക്കുകയും നിലവിൽ കോടതി ആ ആവശ്യത്തിന് സ്റ്റേ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 31 ശതമാനം വർധനവുണ്ടായെങ്കിലും നഷ്ടം 491 കോടി രൂപയായി ഉയർന്നിരിക്കുകയാണ്.