തിരുവല്ല: വൈദ്യശാസ്ത്ര രംഗത്തെ നൂതന മാതൃകകളും ഗവേഷണ നേട്ടങ്ങളും കോർത്തിണക്കി പുഷ്പഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ പുഷ്പഗിരി ക്ലിനിക്കൽ ക്ലബ്ബിന്റെ വാർഷിക സംഗമം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് തിരുവല്ല പുഷ്പഗിരി സെനറ്റ് ഹാളിൽ നടക്കും. സ്ഥാപനത്തിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് വർഷങ്ങളായി വിജയകരമായി പ്രവർത്തിച്ചുവരുന്ന ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക് വേദികളിൽ ഒന്നാണ് ക്ലിനിക്കിൽ ക്ലബ്.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന സമ്മേളനം തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സിഇഒ റവ. ഡോ. ബിജു വർഗീസ് പയ്യമ്പള്ളി അധ്യക്ഷത വഹിക്കും. അക്കാദമിക് ഡയറക്ടർ റവ. ഡോ. മാത്യു മഴുവഞ്ചേരിൽ മുഖ്യപ്രഭാഷണം നടത്തും. മുൻ ഡിജിപി ജേക്കബ് പുന്നൂസ് മികച്ച വിജയം കൈവരിച്ച പിജി ഡോക്ടർമാർക്കും അധ്യാപകർക്കും ഉള്ള ക്ലിനിക്കിൽ ക്ലബ് അവാർഡുകൾ വിതരണം ചെയ്യും. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. റീന തോമസ് സ്വാഗതം ആശംസിക്കും.
ഉച്ചകഴിഞ്ഞ് ഒന്നു മുതൽ മൂന്നുവരെ ക്ലിനിക്കിൽ പ്രാക്ടീസും അവതരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ കോലഞ്ചേരി എംഒഎസ് സി മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ അസോസിയേറ്റ് പ്രഫസറും അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട്മായ ഡോ. ഷാരോൺ ബെയ്സിലിന്റെ നേതൃത്വത്തിൽ എഐ ശില്പശാല നടത്തപ്പെടും.
ഡോ. എം. മിഥുൻ, സിസ്റ്റർ ലിസ എസ്ഐസി, ഡോ. നീത മേരി കുര്യൻ, ഡോ.സാജൻ ടി. അലക്സ് എന്നിവരടങ്ങുന്ന സമിതിയാണ് ഈ വർഷത്തെ ക്ലിനിക്കൽ ക്ലബിന്റെ സംഘാടകർ. വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖരും ഗവേഷകരും വിദ്യാർഥികളും ക്ലിനിക് ക്ലബ് വാർഷിക സംഗമത്തിൽ പങ്കെടുക്കും.