ഇംഫാൽ: മണിപ്പൂരിൽ പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സുരക്ഷാ സാഹചര്യം വീണ്ടും വഷളായി. കഴിഞ്ഞ രാത്രിയും ഇന്നലെയുമായി ഉണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് പേരാണ് കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങൾ ഇംഫാൽ നഗരത്തിൽ വൻ പ്രക്ഷോഭത്തിന് കാരണമായി. രോഷം പൂണ്ട നാട്ടുകാർ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളുമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നിലെത്തി പ്രതിഷേധിച്ചു.
ആദ്യ സംഭവത്തിൽ, മെയ്തേയ്, പംഗൽ മുസ്ലിം വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നടന്ന ഒരു സംഗീത പരിപാടിക്കിടെയുണ്ടായ കല്ലേറിലും വെടിവെയ്പ്പിലും നിരവധി പേർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ 24 കാരനായ യുവാവ് പിന്നീട് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
രണ്ടാമത്തെ സംഭവത്തിൽ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഖമെൻലോക് മേഖലയിൽ സമീപത്തെ കുന്നുകളിൽ വിറക് ശേഖരിക്കാൻ പോയ മൂന്ന് ഗ്രാമീണരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. കുക്കി തീവ്രവാദികളുടെ സ്വാധീനമേഖലയാണിത്. ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. അരുബാം റോനിൽ (35), ലൈറെൻലക്പാം ഇനാബി (44), ക്ഷേത്രിമയും സുശീൽ (32) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പ്രതിഷേധിച്ച് ഗ്രാമീണർ മൃതദേഹങ്ങളുമായി ഇംഫാലിലെ മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്ക് മാർച്ച് നടത്തി. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മൃതദേഹങ്ങൾ വെച്ചതിനെ തുടർന്ന് പൊലിസ് കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. പരിക്കേറ്റവരെ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് രാജ മെഡിസിറ്റി ആശുപത്രിയിലെത്തി സന്ദർശിച്ചു.
2023 മെയ് മാസത്തിൽ പൊട്ടിപ്പുറപ്പെട്ട വംശീയ കലാപത്തിന് ശേഷം ഇരു വിഭാഗങ്ങൾക്കുമിടയിലുള്ള അവിശ്വാസം വീണ്ടും വർധിപ്പിക്കുന്നതാണ് ഈ സംഭവങ്ങൾ. പ്രദേശത്തെ സുരക്ഷ ശക്തമാക്കാൻ അധികാരികൾ നടപടി സ്വീകരിച്ചിട്ടുണ്ട്.