റോം: ഇറ്റലിയിൽ പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിനും അക്രമാസക്തമായ പ്രതിഷേധങ്ങൾ നിയന്ത്രിക്കുന്നതിനുമായി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സർക്കാർ പുതിയ സുരക്ഷാ നടപടികൾക്ക് അംഗീകാരം നൽകി. ഇതിന്റെ ഭാഗമായി മിലാൻ നഗരത്തിൽ ഈ വർഷാവസാനം വരെ 500 സൈനികരെ വിന്യസിക്കാൻ ഇറ്റാലിയൻ മന്ത്രിസഭ തീരുമാനിച്ചു.
മിലാനിൽ അടുത്തിടെ ഉണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താനുള്ള തീരുമാനം. പ്രധാന സർക്കാർ സ്ഥാപനങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും സുരക്ഷ ഉറപ്പാക്കുക, സുരക്ഷാപ്രാധാന്യമുള്ള സ്ഥലങ്ങളിൽ നിരീക്ഷണം വർധിപ്പിക്കുക, നഗരത്തിലും പരിസരപ്രദേശങ്ങളിലും സുരക്ഷാ പരിശോധനകൾ ശക്തമാക്കുക എന്നിവയാണ് നടപടിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മിലാനിൽ വിന്യസിക്കുന്ന സൈനികർക്ക് ഏതെല്ലാം അധികാരങ്ങൾ വിനിയോഗിക്കാൻ കഴിയുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. സൈനികർക്ക് കൂടുതൽ പൊലിസ് അധികാരങ്ങൾ നൽകാനുള്ള സർക്കാർ നിർദേശത്തോട് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല എതിർപ്പ് പ്രകടിപ്പിച്ചതിനെത്തുടർന്ന് അത്തരം അധികാരങ്ങൾ അനുവദിക്കുന്നതിൽനിന്ന് മന്ത്രിസഭ പിന്മാറിയെന്നാണ് റിപ്പോർട്ട്.
അക്രമാസക്തമായാൽ കടുത്ത ശിക്ഷ
പുതിയ സുരക്ഷാ നടപടികളുടെ ഭാഗമായി പൊതുപ്രകടനങ്ങളിൽ അക്രമാസക്തമായി പങ്കെടുക്കുന്നതിനെ പ്രത്യേക ക്രിമിനൽ കുറ്റമായി പരിഗണിക്കുന്ന നിയമവ്യവസ്ഥയും സർക്കാർ അവതരിപ്പിച്ചു. ‘പൊതുപ്രകടനങ്ങളിലെ അക്രമാസക്തമായ പങ്കാളിത്തം’എന്ന പേരിലാണ് പുതിയ കുറ്റം നിർവചിച്ചിരിക്കുന്നത്.
അഞ്ചിലധികം ആളുകൾ ഉൾപ്പെടുന്ന സംഘങ്ങൾ പൊതുപ്രകടനങ്ങളിൽ പങ്കെടുക്കുന്നതിനിടെ കല്ലുകൾ, വടികൾ, പടക്കങ്ങൾ തുടങ്ങിയ അപകടമുണ്ടാകാൻ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിച്ച് അക്രമത്തിൽ ഏർപ്പെടുന്നതാണ് ഈ വ്യവസ്ഥയുടെ പരിധിയിൽ വരുന്നത്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പരമാവധി അഞ്ച് വർഷം വരെ തടവും 20,000 യൂറോ വരെ പിഴയും ലഭിക്കാവുന്നതാണ്. പുതിയ നിയമനടപടികൾ ഉടൻ പ്രാബല്യത്തിൽ വരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
അതേസമയം, പുതിയ നിയമനടപടികൾ പൊതുസുരക്ഷയും പൗരസ്വാതന്ത്ര്യവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിയൊരുക്കുന്നു.
ജനാധിപത്യരാജ്യമായ ഇറ്റലിയിൽ സമാധാനപരമായി പ്രതിഷേധിക്കാനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുമുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അക്രമങ്ങൾ തടയുന്നതിനൊപ്പം സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും പ്രധാനമാണ്.