തിരുവല്ല: സതീഷ് ചാത്തങ്കേരിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഐഎൻടിയുസിയും ജവഹർ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി മന്നംകരച്ചിറ അബുദാബി ടർഫിൽ സംഘടിപ്പിച്ച സതീഷ് ചാത്തങ്കേരി മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള അഖില കേരള ഫുട്ബോൾ ടൂർണമെന്റിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ആന്റോ ആന്റണി എംപി നിർവഹിച്ചു. കേരളത്തിലെ പ്രമുഖരായ എട്ട് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ ഫൈനലിൽ എംഎഫ്സി കൊല്ലം, ജെഡിഎഫ്സി കോട്ടയത്തെ 3 - 2 എന്ന സ്കോറിന് പരാജയപ്പെടുത്തി 30000 രൂപയുടെ പ്രൈസ് മണിയും സതീഷ് ചാത്തങ്കേരി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും സ്വന്തമാക്കി.
രണ്ടാം സ്ഥാനക്കാരായ ജെഡിഎഫ്സി കോട്ടയത്തിന് 20,000 രൂപയുടെ പ്രൈസ് മണിയും റണ്ണറപ്പ് ട്രോഫിയും ലഭിച്ചു.
വെറ്ററൻസ് ഫുട്ബോൾ ഫൈനലിൽ എംജിഎം സ്ട്രൈക്കേഴ്സ് പെനാൽറ്റി ഷൂട്ടൗട്ടിൽ അമറിസ് വെറ്ററൻസിനെ പരാജയപ്പെടുത്തി കിരീടം നേടി.
നാലു ദിവസം നീണ്ടുനിന്ന ഫുട്ബോൾ ടൂർണമെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി രണ്ട് കുടുംബങ്ങൾക്ക് നാല് സെന്റ് വീതം ഭൂമി ദാനംചെയ്യൽ, വീൽചെയർ വിതരണം, തയ്യൽ മെഷീൻ വിതരണം തുടങ്ങിയ പദ്ധതികളും നടപ്പിലാക്കി.
സമാപന സമ്മേളനത്തിൽ ജവഹർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വിശാഖ് വെൺപാല അധ്യക്ഷത വഹിച്ചു.
ജിജോ ചെറിയാൻ, ആർ. ജയകുമാർ, ഇപ്പൻ കുര്യൻ, അഡ്വ. ബിനു വി. ഇപ്പൻ, റോജി കാട്ടാശ്ശേരി, ഐഎൻടിയുസി റീജണൽ പ്രസിഡന്റ് ജി. ശ്രീകാന്ത്, ബെന്നി സ്കറിയ, അഭിലാഷ് വെട്ടിക്കാടൻ, ടോണി ഇട്ടി, രേഷ്മ രാജേശ്വരി, ജോൺസൺ വെൺപാല, അമറിസ് ഫുട്ബോൾ അക്കാദമി ഡയറക്ടർ തോമസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.