തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരില്‍ നടന്ന ക്രമക്കേടുകളിൽ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കെതിരായ അന്വേഷണത്തില്‍ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സംസ്ഥാന ജിഎസ്ടി വകുപ്പിനു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്കി.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്കും അവർക്ക് പണംനൽകിയ ധനകാര്യ സ്ഥാപനങ്ങൾക്കും അർജന്റീനയിലേക്ക് പണമയച്ച ബാങ്കിനും സമൻസയച്ചു. ഇടപാടുസംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് സമൻസ്. ഏഴ് ദിവസത്തിനുള്ളില്‍ നടപടികള്‍ സംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിസംബര്‍ എട്ടിനകം അന്തിമ റിപ്പോര്‍ട്ട് നല്‍കാനുമാണ് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ ആറിന് അഡീഷണല്‍ ചീഫ് സെക്രട്ടറി (നികുതി) സംസ്ഥാന നികുതി കമ്മിഷണര്‍ക്ക് അയച്ച കത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയ വിദേശ നിയമ-ആര്ബിട്രേഷന് പേയ്മെന്റുകള്‍, അംഗത്വ ഫീസുമായി ബന്ധപ്പെട്ട് തെറ്റായി ക്ലെയിം ചെയ്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ബാങ്ക് ക്രെഡിറ്റുകളും പ്രഖ്യാപിച്ച വിറ്റുവരവും തമ്മിലുള്ള പൊരുത്തക്കേടുകള്‍ പരിഹരിച്ചോ, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് ക്ലെയിം ചെയ്ത ചെലവുകള്‍ പരിശോധിച്ചോ, അതുപോലെ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് പ്രശ്നങ്ങളില്‍ നടപടിയെടുത്തോ തുടങ്ങിയ കാര്യങ്ങളിലും റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിലെ പൊരുത്തമില്ലാത്ത കണക്കുകള്‍ പരിശോധിച്ച് ശരിയാക്കാനും സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിച്ചു. കൂടാതെ രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ആദായനികുതി വകുപ്പ് അന്വേഷണ വിഭാഗം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ചിട്ടി രജിസ്ട്രാര്‍മാര്‍, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഐജി (രജിസ്ട്രേഷന്) എന്നിവര്‍ക്ക് അയച്ച റഫറന്സുകളെക്കുറിച്ചുള്ള വിശദാംശങ്ങളും കത്തില്‍ തേടിയിട്ടുണ്ട്.
നോട്ടീസുകള്‍ നല്കല്, തീര്‍പ്പാക്കല്‍ നടപടികള്‍, തുക ഈടാക്കല്‍ എന്നിവയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ജിഎസ്ടി ക്രമക്കേടുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിശദമായ അന്വേഷണം നടത്തിയിരുന്നു. ഏകദേശം 25.78 കോടി രൂപ നികുതി ഇനത്തില്‍ ലഭിക്കാനുണ്ടെന്ന് കണ്ടെത്തിയ അന്വേഷണ സംഘം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ് തുടങ്ങിയ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി കൂടുതല്‍ വിപുലമായ പരിശോധന നടത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു.