പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മെസിയെയും അർജന്റൈൻ ഫുട്ബോൾ ടീമിനെയും കേരളത്തിൽ എത്തിച്ചു കളിപ്പിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിന് ഒത്താശ നൽകിയ ജിഎസ്ടി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി.
മെസി വിവാദത്തിൽ ഉൾപ്പെട്ട ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മിഷണർ വി. സുനിൽ കുമാറിനെ താരതമ്യേന അപ്രധാനമായ ഓഡിറ്റ് ഡിവിഷനിലേക്കു മാറ്റി. ആലപ്പുഴ കുത്തിയതോട് ഓഡിറ്റ് ഡിവിഷൻ ഡെപ്യൂട്ടി കമ്മിഷണർ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റിയത്.
നേരത്തേ റിപ്പോർട്ടർ ചാനലിനെതിരേയുള്ള നികുതിവെട്ടിപ്പ് കേസ് അകാരണമായി തടസപ്പെടുത്താൻ സുനിൽ കുമാർ ഇടപെട്ടതായി മൊഴി ലഭിച്ചെന്ന് ജിഎസ്ടി എസ്ഐടി കണ്ടെത്തി നടപടികൾക്ക് ശിപാർശയും ചെയ്തിരുന്നു.
പൊലിസിന്റെ ചോദ്യംചെയ്യലിൽ സുനിൽ കുമാർ ഇതു സമ്മതിക്കുകയും സർക്കാരിൽനിന്നുള്ള സമ്മർദം മൂലമാണ് താൻ കേസിൽ ഇടപെട്ടതെന്നു മൊഴി നൽകുകയും ചെയ്തിരുന്നു. എന്നാൽ, മുൻ സർക്കാരിന്റെ സമ്മർദഫലമായി ഉദ്യോഗസ്ഥർ ഇടപെട്ടതാണെന്നും ഉദ്യോഗസ്ഥരെ ഇതിന്റെ പേരിൽ ക്രൂശിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.
മെസി കേസന്വേഷണ നടപടി പുനരാരംഭിച്ച് ജിഎസ്ടി എസ്ഐടി
മെസിയുടെ പേരിൽ നടന്ന തട്ടിപ്പുകേസ് പുനരാരംഭിച്ച് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം. കേസിലെ തുടരന്വേഷണം തിരുവനന്തപുരത്തെ ജിഎസ്ടി ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ കൊല്ലം ഇന്റലിജൻസ് യൂണിറ്റാണ് നടത്തുന്നത്.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനും (ആർബിസി) അതിന്റെ ഡയറക്ടർമാർക്കും ഗോകുലം ചിട്ടി ഫണ്ടിനും ഹിന്ദുജ ലൈലാൻഡ് ഫിനാൻസിനും സമൻസ് നൽകി കഴിഞ്ഞു.
ഇനി ഇവരുടെ മൊഴി രേഖപ്പെടുത്തി എത്രയും വേഗം നികുതി ഈടാക്കാനുള്ള നടപടികളിലേക്കു കടക്കാൻ വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്.
Tags : Transferred MessiS Name GST Officials Tax Evasion Fraud Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash