കൊച്ചി: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി.എസ്. ശശിധരൻ നേരിട്ട് ഹാജരാകണമെന്നും നിർദേശിച്ചു.
കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് അപൂർണമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ കാലതാമസമാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് അപൂർണമാണെന്ന് കോടതി വ്യക്തമാക്കിയത്.
അന്വേഷണം വൈകുന്നതിൽ നേരത്തെയും ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. ജസ്റ്റീസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചും അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തിരുന്നു.
2016ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ സൃഷ്ടിച്ച് പിന്നാക്ക വികസന കോർപറേഷനിൽനിന്ന് എസ്എൻഡിപി കോടികൾ വായ്പയെടുത്തുവെന്നതാണ് കേസിലെ പ്രധാന ആരോപണം.