കവൻട്രി: യുക്മയുടെ 17-ാമത് മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ വാർവിക് ആൻഡ് ലെമിംൺ മലയാളി അസോസിയേഷൻ (വാൽമ) ചാമ്പ്യൻപട്ടം കരസ്ഥമാക്കി. 149 പോയിന്റുകൾ നേടി വാൽമ ഒന്നാം സ്ഥാനം സ്വന്തമാക്കി.
109 പോയിന്റുകളുമായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (എൽകെസി) രണ്ടാം സ്ഥാനവും 97 പോയിന്റുകളുമായി ഹെർഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) മൂന്നാം സ്ഥാനവും നേടി.
കവൻട്രി കേരള കമ്യൂണിറ്റി (സികെസി) നാലാം സ്ഥാനത്തെത്തിയപ്പോൾ നോട്ടിംഗ്ഹാം മലയാളികൾച്ചറൽ അസോസിയേഷൻ അഞ്ചാം സ്ഥാനം നേടി. കവൻട്രിയിൽ നടന്ന കലാമേള മത്സരാർഥികളുടെ മികച്ച പ്രകടനങ്ങളും കാണികളുടെ ആവേശകരമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാമേള യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു.
യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ നിർവാഹക സമിതി അംഗം ജോർജ് തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറർ പോൾ ജോസഫ് നന്ദിയും രേഖപ്പെടുത്തി.
കലാമേളയിലെ വ്യക്തിഗത മികവിനുള്ള കലാതിലകപ്പട്ടം വാൽമയുടെ അമേയ കൃഷ്ണ നിധീഷ് സ്വന്തമാക്കി. കലാപ്രതിഭയായി വാൽമയുടെ ആദവ് അബിൻ തെരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തിൽ വാൽമയുടെ നൂറ നവീൻ ചാമ്പ്യനായി.
സബ് ജൂണിയർ വിഭാഗത്തിലും അമേയ കൃഷ്ണ നിധീഷ് ചാമ്പ്യൻപട്ടം നേടി. ജൂണിയർ വിഭാഗത്തിൽ ഹെർഫോർഡ് മലയാളി അസോസിയേഷന്റെ (ഹേമ) അൻസൻ ബിനോയും അമയ നിസാന്തും വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയർ വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (എൽകെസി) അഞ്ജന രമ്യ ചാമ്പ്യൻപട്ടം കരസ്ഥമാക്കി.