കവൻട്രി: യുക്മയുടെ 17-ാമത് മിഡ്ലാൻഡ്സ് റീജിയണൽ കലാമേളയിൽ വാർവിക് ആൻഡ് ലെമിംൺ മലയാളി അസോസിയേഷൻ (വാൽമ) ചാമ്പ്യൻപട്ടം കരസ്ഥമാക്കി. 149 പോയിന്റുകൾ നേടി വാൽമ ഒന്നാം സ്ഥാനം സ്വന്തമാക്കി.
109 പോയിന്റുകളുമായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റി (എൽകെസി) രണ്ടാം സ്ഥാനവും 97 പോയിന്റുകളുമായി ഹെർഫോർഡ് മലയാളി അസോസിയേഷൻ (ഹേമ) മൂന്നാം സ്ഥാനവും നേടി.
കവൻട്രി കേരള കമ്യൂണിറ്റി (സികെസി) നാലാം സ്ഥാനത്തെത്തിയപ്പോൾ നോട്ടിംഗ്ഹാം മലയാളികൾച്ചറൽ അസോസിയേഷൻ അഞ്ചാം സ്ഥാനം നേടി. കവൻട്രിയിൽ നടന്ന കലാമേള മത്സരാർഥികളുടെ മികച്ച പ്രകടനങ്ങളും കാണികളുടെ ആവേശകരമായ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങരയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാമേള യുക്മ ദേശീയ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു.
യുക്മ ദേശീയ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, ദേശീയ നിർവാഹക സമിതി അംഗം ജോർജ് തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറർ പോൾ ജോസഫ് നന്ദിയും രേഖപ്പെടുത്തി.
കലാമേളയിലെ വ്യക്തിഗത മികവിനുള്ള കലാതിലകപ്പട്ടം വാൽമയുടെ അമേയ കൃഷ്ണ നിധീഷ് സ്വന്തമാക്കി. കലാപ്രതിഭയായി വാൽമയുടെ ആദവ് അബിൻ തെരഞ്ഞെടുക്കപ്പെട്ടു. കിഡ്സ് വിഭാഗത്തിൽ വാൽമയുടെ നൂറ നവീൻ ചാമ്പ്യനായി.
സബ് ജൂണിയർ വിഭാഗത്തിലും അമേയ കൃഷ്ണ നിധീഷ് ചാമ്പ്യൻപട്ടം നേടി. ജൂണിയർ വിഭാഗത്തിൽ ഹെർഫോർഡ് മലയാളി അസോസിയേഷന്റെ (ഹേമ) അൻസൻ ബിനോയും അമയ നിസാന്തും വ്യക്തിഗത ചാമ്പ്യന്മാരായി.
സീനിയർ വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ (എൽകെസി) അഞ്ജന രമ്യ ചാമ്പ്യൻപട്ടം കരസ്ഥമാക്കി.

വ്യക്തിഗത ചാമ്പ്യന്മാർ
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. യുക്മ ദേശീയ ട്രഷറർ ഷിജോ വർഗീസും ചടങ്ങിൽ സന്നിഹിതനായിരുന്നു.
ദേശീയ നിർവാഹക സമിതി അംഗം ജോർജ് തോമസ്, ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജോബിൻ ജോർജ്, റീജിയണൽ കലാമേള കോഓർഡിനേറ്റർ രേവതി അഭിഷേക്, റീജിയണൽ വൈസ് പ്രസിഡന്റുമാരായ ജോസ് തോമസ്, സോമി കുരുവിള, ജോയിന്റ് സെക്രട്ടറിമാരായ രാജീവ് ജോൺ, അനിത മധു, ജോയിന്റ് ട്രഷറർ ജോർജ് മാത്യു, പിആർഒ രാജപ്പൻ വർഗീസ്, മീഡിയ കോഓർഡിനേറ്റർ അരുൺ ജോർജ്, നഴ്സസ് ഫോറം കോർഡിനേറ്റർ സനൽ ജോസ്, വിമൻസ് ഫോറം കോഓർഡിനേറ്റർ ബെറ്റി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുൻ ദേശീയ ട്രഷറർമാരായ ഡിക്സ് ജോർജ്, അനീഷ് ജോൺ, മുൻ ദേശീയ വൈസ് പ്രസിഡന്റ് ബീന സെൻസ്, മുൻ സ്പോർട്സ് കോഓർഡിനേറ്റർ സെൻസ് ജോസ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സികെസി പ്രസിഡന്റ് ബാബു എബ്രഹാം, സെക്രട്ടറി രേവതി നായർ എന്നിവർക്കൊപ്പം മിഡ്ലാൻഡ്സിലെ വിവിധ അംഗ അസോസിയേഷനുകളുടെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മറ്റ് ഭാരവാഹികൾ, യുക്മ പ്രതിനിധികൾ എന്നിവരും സമാപന സമ്മേളനത്തിൽ പങ്കെടുത്തു.
.jpeg1792391314.jpg)
മിഡ്ലാൻഡ്സിലെ 26 മലയാളി അസോസിയേഷനുകളിൽനിന്നായി ഏകദേശം 800 മത്സരാർത്ഥികൾ പങ്കെടുത്ത കലാമേള വീക്ഷിക്കാൻ 1,500-ലധികം കാണികളെത്തി. വിവിധ പ്രായവിഭാഗങ്ങളിലായി നടന്ന മത്സരങ്ങൾ കുട്ടികൾക്കും യുവപ്രതിഭകൾക്കും മുതിർന്ന കലാകാരന്മാർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള മികച്ച വേദിയായി.
മത്സരാർത്ഥികളുടെ മികവുറ്റ പ്രകടനങ്ങളും കാണികളുടെ പിന്തുണയും സംഘാടകരുടെ കൂട്ടായ പ്രവർത്തനവും കലാമേളയുടെ വിജയത്തിന് മാറ്റുകൂട്ടി. കലാമേളയിൽ പങ്കെടുത്ത എല്ലാ മത്സരാർത്ഥികളെയും വിജയികളെയും യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മിറ്റി അഭിനന്ദിച്ചു.
മത്സരാർത്ഥികൾക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സ്പോൺസർമാർക്കും വിധിനിർണയം നടത്തിയ ജഡ്ജിംഗ് പാനൽ അംഗങ്ങൾക്കും സോഫ്റ്റ്വെയർ പിന്തുണ നൽകിയ ജെഎംപി സോഫ്റ്റ്വെയർ മാനേജ്മെന്റിനും കമ്മിറ്റി അംഗങ്ങൾക്കും പ്രവർത്തകർക്കും കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
കലാമേളയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച എല്ലാ വോളണ്ടിയർമാർക്കും കമ്മിറ്റി പ്രത്യേക നന്ദി അറിയിച്ചു. രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ വേദികളിലെ മത്സരങ്ങൾ സമയബന്ധിതമായും സുഗമമായും നടത്തുന്നതിനും മത്സരാർഥികൾക്കും കാണികൾക്കും ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനും വോളണ്ടിയർമാരുടെ ആത്മാർഥമായ സേവനം ഏറെ സഹായകമായി.
കലാമേളയുടെ ഓരോ ഘട്ടത്തിലും ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച അവരുടെ സമർപ്പണത്തെയും കൂട്ടായ പരിശ്രമത്തെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു.
കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ച എൽഇഡി ടീം, സൗണ്ട് ടീം, ഫോട്ടോഗ്രഫി ടീം, പബ്ലിസിറ്റി ടീം എന്നിവരെയും സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു.
.jpeg1792391314.jpg)
പരിപാടിയിലുടനീളം സുരക്ഷയും അച്ചടക്കവും ഉറപ്പാക്കുന്നതിനായി പ്രൊഫഷണൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിച്ചിരുന്നു. പരിപാടി സുഗമമായി നടത്തുന്നതിൽ അവരുടെ സേവനവും നിർണായകമായി.
ജിനോ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച സ്റ്റേജ് മാനേജ്മെന്റ് ടീമിനും യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മിറ്റി പ്രത്യേക നന്ദി രേഖപ്പെടുത്തി.
വിവിധ വേദികളിലെ മത്സരങ്ങൾ ക്രമബദ്ധമായും സമയബന്ധിതമായും നടത്തുന്നതിനും പരിപാടിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനും ജിനോ സെബാസ്റ്റ്യന്റെയും ടീമിന്റെയും ആത്മാർഥമായ പ്രവർത്തനവും മികച്ച ഏകോപനവും ഏറെ സഹായകമായി.
ടീമിന്റെ സമർപ്പണത്തെയും കൂട്ടായ പരിശ്രമത്തെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. കലാമേളയുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരുടെയും ആത്മാർഥമായ സേവനത്തിനും കൂട്ടായ പരിശ്രമത്തിനും യുക്മ മിഡ്ലാൻഡ്സ് റീജിയണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
നവംബർ ഏഴിന് നടക്കുന്ന പതിനേഴാമത് യുക്മ ദേശീയ കലാമേളയിൽ പങ്കെടുക്കുന്ന എല്ലാ മത്സരാർഥികൾക്കും മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങരയും റീജിയണൽ കലാമേള കോഓർഡിനേറ്റർ രേവതി അഭിഷേകും വിജയാശംസകൾ നേർന്നു.
Tags : Walma MidlandsRegionalArtsFestival LKC HEMA