ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സ്ഥാപിതമായതിന്റെ പത്താം വാർഷികവും കൃതജ്ഞതാ ബലിയർപ്പണവും ലണ്ടനിലെ ടോൾവർത്തിലുള്ള ഔർ ലേഡി ഇമ്മാക്കുലേറ്റ് പള്ളിയിൽ നടന്നു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം രൂപതയിലെ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും പങ്കെടുത്ത കൃതജ്ഞതാ ബലിയർപ്പണത്തിന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട് കാർമികത്വം വഹിച്ചു.

ബ്രിട്ടനിലെ അപ്പോസ്തലിക് നൂൺഷ്യോ മാർ മിഗ്വേൽ മൗറി ബുവെൻഡിയാ, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ് മാർ റിച്ചാർഡ് മോത്ത്, ബിർമിംഗ്ഹാം ആർച്ച്ബിഷപ് മാർ ബെർണാഡ് ലോംഗ്ലി, തൃശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, നോട്ടിംഗ്ഹാം രൂപതാധ്യക്ഷൻ മാർ പാട്രിക് മാക്വിന്നി, വെസ്റ്റ്മിൻസ്റ്റർ രൂപത സഹായ മെത്രാൻ മാർ ജെയിംസ് കെറി, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് കാത്തലിക് ബിഷപ്സ് കൗൺസിൽ സെക്രട്ടറി കാനൻ വില്യം അഗ്ലി, ബ്രിട്ടനിലെ വത്തിക്കാൻ അപ്പൊസ്തലിക് നൂൺഷിയേച്ചർ സെക്രട്ടറി ഹെഡ് ഓഫ് മിഷൻ മോൺസിഞ്ഞോർ ആന്റെ വിദോവിഷേ എന്നിവർ സഹകാർമികരായിരുന്നു.

ഓരോ വിശ്വാസിയും കണ്ടുമുട്ടലിന്റെയും സംവാദത്തിന്റെയും ശ്ലീഹന്മാർ ആകണമെന്ന് കർദിനാൾ മാർ ജോർജ് കൂവക്കാട്ട് വിശുദ്ധ കുർബാന മധ്യേയുള്ള വചന സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
പ്രവാസികളായ സീറോമലബാർ വിശ്വാസികൾ മാർ തോമാശ്ലീഹായുടെ വിശ്വാസ ചൈതന്യത്തിൽ ജീവിക്കുകയും മറ്റുള്ളവരെ അതേ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യണമെന്നും കഴിഞ്ഞ പത്ത് വർഷങ്ങളിലൂടെ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കൈവരിച്ച അഭൂതപൂർവമായ വളർച്ചയ്ക്ക് കർത്താവിന് നന്ദി പറയുകയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലൂടെ സഭയുടെ ചൈതന്യം കൂടുതൽ പ്രകാശമാനമാക്കാൻ നമുക്ക് ഓരോരുത്തർക്കും സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് അദ്ദേഹം തന്റെ സന്ദേശം ഉപസംഹരിച്ചു.

തുടർന്ന് നടന്ന സമ്മേളനത്തിൽ സോജൻ ജോസഫ് എംപി, അഭിവന്ദ്യ പിതാക്കന്മാർ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പത്താം വാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനവും സാവിയോ ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രസംഗമത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പരിപാടികൾക്ക് സ്വാഗതം ആശംസിക്കുകയും പ്രോട്ടോസിഞ്ചെല്ലൂസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ട് നന്ദി അർപ്പിക്കുകയും ചെയ്തു.

രൂപത ചാൻസിലർ റവ.ഡോ. മാത്യു പിണക്കാട്ട്, ഫിനാൻസ് ഓഫീസർ റവ.ഫാ. ജോ മൂലേശേരി വിസി, വൈസ് ചാൻസിലർ റവ.ഫാ. ഫാൻസ്വാ പത്തിൽ, പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി റോമിൽസ് മാത്യു മുരിങ്ങമറ്റത്തിൽ, ജോയിന്റ് സെക്രട്ടറി ജോളി മാത്യു, പാസ്റ്ററൽ കൗൺസിൽ കോർ കമ്മറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : GreatBritainDiocese 10thAnniversary ChurchAnniversary Diocese GreatBritain