District News
കോയമ്പത്തൂർ: ഇറാൻ, ഇസ്രയേൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ പ്രാവിൻസ് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ നോർക്ക റൂട്ട്സിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും അതത് രാജ്യങ്ങളിലെ എംബസികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള ക്ലബിൽ പ്രൊവിൻസ് പ്രസിഡന്റ് സി.എസ്. അജിത് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സി. സണ്ണി, വൈസ് പ്രസിഡന്റ് ജോട്ടി കുരിയൻ, ഖജാൻജി ജി. രാജീവ്, ഡോ. രാജേന്ദ്ര പ്രസാദ്, വിജയലക്ഷ്മി പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടു പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനും പ്രശ്നങ്ങൾ കേൾക്കുന്നതിനുമായി പ്രവാസി സംഘടനകളുടെ പ്രത്യേക യോഗം വിളിക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തെ അറിയിച്ചു.
പ്രവാസികളുടെ സംശയ നിവാരണത്തിനായി പ്രത്യേക കോൾസെന്റർ തിങ്കളാഴ്ച തുറക്കും. വിദഗ്ധരായ ഉദ്യോഗസ്ഥരെ കോൾസെന്ററിൽ നിയോഗിക്കും. ആശയവിനിമയത്തിനായി ഇ-മെയിൽ ഐഡി ക്രീയേറ്റ് ചെയ്തു നൽകിയാൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിവരങ്ങൾ ഇവരെ അറിയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വീടുകളിൽ എത്തുന്ന ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) പ്രവാസികളുടെ ഫോം പൂരിപ്പിക്കുന്നതിനായി നൽകുന്നില്ലെന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഫോം പൂരിപ്പിച്ചു നൽകേണ്ടതില്ലെന്ന നിർദേശം നൽകിയിട്ടില്ലെന്നും ഇതു പരിഹരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകുമെന്നും സിഇഒ അറിയിച്ചു.
പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കൾ വഴി ഫോം പൂരിപ്പിച്ച് നൽകാം. ഓണ്ലൈനായും അപേക്ഷിക്കാം.
ബിഎൽഒമാരുടെ പ്രവർത്തനം: രാഷ്ട്രീയ പാർട്ടികൾക്കു പരാതികൾ ഏറെ
തിരുവനന്തപുരം: ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കു പരാതികൾ ഏറെ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ പരാതി ഉന്നയിച്ചത്.
പ്രവാസികളുടെ ഫോം പൂരിപ്പിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണു പ്രധാന പരാതി. ബിഎൽഒമാർക്ക് പരിശീലനം നൽകണമെന്നു കോണ്ഗ്രസ്, ബിജെപി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.