മനില: ഫിലിപ്പീൻസിൽ പരിശീലനപ്പറക്കലിനിടെ രണ്ട് സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പൈലറ്റുമാർക്ക് ദാരുണാന്ത്യം. മനിലയ്ക്ക് തെക്ക് ബതംഗാസ് തീരദേശ പ്രവിശ്യയിലെ ലിപാ സിറ്റിയിലെ ഫെർണാണ്ടോ എയർബേസിൽ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് അപകടമുണ്ടായത്.
സിംഗിൾ പ്രൊപ്പല്ലർ വിഭാഗത്തിൽപ്പെട്ട എസ്എഫ്-260 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. നാല് പൈലറ്റുമാരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. വിമാനങ്ങൾ എയർബേസിന്റെ പരിധിക്കുള്ളിലാണ് തകർന്നുവീണതെന്നും മറ്റ് ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഫിലിപ്പീൻസ് വ്യോമസേനാ വക്താവ് അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ച് വ്യോമസേന കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.