വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രതിരോധ വകുപ്പിലെ സൈനിക ആസൂത്രണ വിഭാഗം മേധാവി ലഫ്. ജനറൽ ബ്രെറ്റ് സിൽവിയയെ പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് പുറത്താക്കി. പ്രസിഡന്റ് ട്രംപ് ഇറാനിൽ ആക്രമണം പുനരാരംഭിക്കാൻ ആലോന നടക്കുന്നതിനിടെയാണിത്.
പീറ്റ് ഹെഗ്സെത്തിന്റെ കാലത്ത് ഈ പദവിയിൽനിന്ന് പുറത്താക്കപ്പെടുന്ന രണ്ടാമത്തെ ജനറലാണ് സിൽവിയ. മുൻ മേധാവി ലഫ്. ജനറൽ ജോസഫ് മക്ഗീയെ കഴിഞ്ഞ വർഷം ഒക്ടോബറിൽ നിർബന്ധിച്ചു രാജിവയ്പിക്കുകയായിരുന്നു.ജനറൽ സിൽവിയയെ പുറത്താക്കാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. ഇദ്ദേഹത്തിന് പകരക്കാരനെയും നിശ്ചയിച്ചിട്ടില്ല.
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പു കഴിഞ്ഞാലുടൻ ഇറാനിൽ ആക്രമണം പുനരാരംഭിക്കുമെന്നാണു ട്രംപ് പറഞ്ഞിട്ടുള്ളത്. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ്. അമേരിക്കൻ നേവിയുടെ മൂന്നാമതൊരു വിമാനവാഹിനികൂടി പശ്ചിമേഷ്യയിലേക്കു പുറപ്പെട്ടിട്ടുണ്ട്.
ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് പശ്ചിമേഷ്യാ രാജ്യങ്ങൾക്കും സഖ്യകക്ഷികൾക്കും അമേരിക്ക മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞതായി റിപ്പോർട്ടുണ്ട്. അമേരിക്കൻ ആക്രമണങ്ങൾക്ക് ഇറാൻ ഗൾഫ് രാജ്യങ്ങളിൽ തിരിച്ചടി നല്‍കിയേക്കാം എന്നാണു വിലയിരുത്തൽ. അമേരിക്ക ആക്രമിക്കാൻ മുതിർന്നാൽ കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാനും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.