ന്യൂഡൽഹി: കര, നാവിക, വ്യോമസേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ അത്യാധുനിക പ്രതിരോധ സാമഗ്രികളും ആയുധങ്ങളും വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) യോഗത്തിലാണ് അനുമതി നൽകിയത്.
സൈന്യത്തിന്റെ പ്രവർത്തനശേഷി വർധിപ്പിക്കുന്നതിനും പ്രതിരോധ നിർമാണ മേഖലയിൽ സ്വാശ്രയത്വം ശക്തിപ്പെടുത്തുന്നതിനുമാണ് ഈ നടപടി. അനുവദിച്ച ആകെ തുകയുടെ ഏകദേശം 98 ശതമാനം ഉപകരണങ്ങളും ഇന്ത്യൻ വ്യവസായ മേഖലയിൽ നിന്ന് തന്നെ നിർമിച്ച് വാങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.
കരസേനയ്ക്കായി അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകൾ, രഹസ്യാന്വേഷണ വാഹനങ്ങൾ, സ്വയം നിയന്ത്രിത മൈൻ ലെയറുകൾ, ട്രോൾ ടാങ്കുകൾ എന്നിവയും നാവികസേനയ്ക്കായി കപ്പൽ നിർമാണത്തിന് ആവശ്യമായ മറൈൻ ഗ്യാസ് ടർബൈനുകളും, വ്യോമസേനാ താവളങ്ങളിൽ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന അരുദ്ര റഡാറുകളും വാങ്ങും
ശത്രുക്കളുടെ റഡാറുകളെ പ്രതിരോധിക്കാൻ ഗ്രൗണ്ട് ബേസ്ഡ് മൾട്ടി പർപ്പസ് ജാമറുകളും സുരക്ഷാ ആക്സസ് കാർഡ് സംവിധാനങ്ങളും വ്യോമസേനയ്ക്കായി സ്വന്തമാക്കും.