ഉദയംപേരൂർ: കടകളിലേയ്ക്കുള്ള മിൽമ പാൽ വിതരണം വൈകുന്നതിനാൽ വ്യാപാരികൾ പ്രതിസന്ധിയിലാകുന്നതായി പരാതി. പാൽ വിതരണത്തിനായി പുതിയ കരാറുകാരൻ എത്തിയതോടെയാണ് വിതരണം താറുമാറായതെന്ന് പറയുന്നു. വൈക്കം റോഡിൽ പൂത്തോട്ട വരെയുള്ള കടകളിലും ഉദയംപേരൂർ എംഎൽഎ റോഡിന് സമീപത്തുള്ള കടകളിലുമാണ് കൂടുതലായും വിതരണം വൈകുന്നത്.
പുലർച്ചെ 5.30 എത്തിയിരുന്ന പാൽ, ഒരാഴ്ചയായി രാവിലെ 11നും ഉച്ചയ്ക്കെത്തിയിരുന്ന പാൽ വൈകിട്ട് നാല് ശേഷവുമാണ് എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. പുതിയ കരാറുകാരനും ഡ്രൈവർക്കും പാൽ വണ്ടി സഞ്ചരിക്കേണ്ട റൂട്ടും കടകളും പരിചയമില്ലാത്തതാണ് വിതരണം വൈകാനിടയാക്കുന്നതെന്നാണ് പറയുന്നത്. പുലർച്ചെ തന്നെ വാഹനത്തിൽ കയറ്റുന്ന പാൽ കടകളിൽ വൈകിയെത്തുന്നതോടെ കേടാവുന്നതായും ആക്ഷേപമുണ്ട്. സമയത്ത് പാൽ കിട്ടാത്തതിനാൽ വൻ വ്യാപാര നഷ്ടവുമുണ്ടാകുന്നതായി കച്ചവടക്കാർ പറയുന്നു.