ന്യൂഡൽഹി: ഛഠ് പൂജയ്ക്കു മുന്നോടിയായി യമുനാ നദിയിൽ ചത്ത മീനുകൾ പൊങ്ങിക്കിടന്ന സംഭവത്തിൽ ഡൽഹിയിൽ രാഷ്ട്രീയപ്പോര്.
നദിയിലെ മലിനീകരണത്തിന്റെ തെളിവാണു ചത്ത മീനുകളെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചപ്പോൾ, മീനുകളെ നദിയിൽ കൊണ്ടിട്ടത് എഎപി പ്രവർത്തകരാണെന്ന് ഡൽഹി മന്ത്രി പർവേഷ് സിംഗ് സാഹെബ് തിരിച്ചടിച്ചു.
യമുനയിലെ വിനോദസഞ്ചാര ബോട്ട് സർവീസായ ‘നമോ യമുന റിവർ സഫാരി’ ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് സോണിയ വിഹാർ ഭാഗത്തു ചത്ത മീനുകളെ കണ്ടെത്തിയത്.
നൂറിലധികം മീനുകൾ ചത്തുപൊങ്ങിയ അതേ പ്രദേശത്ത് വീണ്ടും സമാന സംഭവം ഉണ്ടായതോടെയാണു വിവാദം ശക്തമായത്.