ലണ്ടൻ: ബ്രിട്ടനിൽ യഹൂദ സമുദായത്തിനു നേർക്കുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനിലെ വിപ്ലവഗാർഡിന്റെ അപര സംഘടനയായ ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദ കംപാനിയൻസ് ഓഫ് ദ റൈറ്റ് (ഐഎംസിആർ) ആണെന്ന് സുരക്ഷാ മന്ത്രി ആഞ്ചല ഈഗിൾ പ്രസ്താവനയിൽ അറിയിച്ചു. ഹർക്കത്ത് അഷാബ് അൽ യാമിൻ അൽ ഇസ്ലാമിയ എന്നും ഈ സംഘടന അറിയപ്പെടുന്നു.
ഈ സംഘടനയെയും വിപ്ലവഗാർഡിനെയും ബ്രിട്ടനിൽ നിരോധിച്ചതായി മന്ത്രി അറിയിച്ചു. വിപ്ലവഗാർഡിലെ വിദേശ ഓപ്പറേഷനുകൾക്കു ചുമതലപ്പെട്ട ഖുദ്സ് ഫോഴ്സ് അംഗങ്ങളാണ് ഐഎംസിആറിനു പിന്നിൽ പ്രവർത്തിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അടുത്ത കാലത്ത് ബ്രിട്ടനിൽ സിനഗോഗുകളും യഹൂദ സമുദായത്തിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസുകളും തീവച്ചു നശിപ്പിക്കാൻ ശ്രമിച്ചത് ഐഎംസിആർ ആണ്. സംഘടന ഇക്കാര്യം സമ്മതിച്ചിരുന്നു.
യൂറോപ്പിലും യഹൂദ സമുദായത്തെ ലക്ഷ്യമിടുന്ന ആക്രമണങ്ങൾക്കു പിന്നിൽ വിപ്ലവഗാർഡ് ആണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ റിക്രൂട്ട് ചെയ്താണ് വിപ്ലവഗാർഡ് അക്രമങ്ങൾ നടത്താറ്.