ന്യൂഡൽഹി: കരിങ്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന വാണിജ്യ കപ്പലിനുനേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റഷ്യൻ സമുദ്രാതിർത്തിയിൽ വെച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
ജൂലൈ 18-നാണ് എംവി ഒമോർഫി എന്ന കപ്പലിന് നേരെ കരിങ്കടൽ യാത്രയ്ക്കിടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.
ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ ഉൾപ്പെടെ ആകെ പത്ത് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ മറ്റ് രണ്ട് ഇന്ത്യൻ പൗരന്മാരും സുരക്ഷിതരാണെന്ന് മന്ത്രാലയം അറിയിച്ചു. സിവിലിയൻ ക്രൂ അംഗങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. കപ്പൽ ഗതാഗതസ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും നേരിടുന്ന ഭീഷണികൾ അതീവ ഗൗരവകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
മരണപ്പെട്ടയാളുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി റഷ്യയിലെ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്.