ആലുവ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ താരമായി എട്ടു വയസുകാരി മിസ്റ്റി എന്ന സ്നിഫർ ഡോഗ്. എറണാകുളം റൂറൽ ജില്ലാ പോലീസിലെ കെ 9 സ്ക്വാഡിലെ നർക്കോട്ടിക് സ്നിഫർ ആണ് ലാബ്രഡോർ റിട്രീവ് വിഭാഗത്തിലെ മിസ്റ്റി.
പ്രത്യേക പരിശീലനവും നേടിയിട്ടുള്ള മിസ്റ്റി മയക്കുമരുന്ന് കണ്ടുപിടിക്കാൻ വിദഗ്ധയാണ്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പെരുമ്പാവൂർ പട്ടണത്തിലും മറ്റ് സ്റ്റേഷൻ പരിധികളിലും നടന്ന മയക്കുമരുന്നുവേട്ടയിൽ രഹസ്യസങ്കേതങ്ങൾ മിസ്റ്റിയാണ് കണ്ടെത്തിക്കൊടുത്തത്. മിസ്റ്റി കൂടെയുണ്ടെങ്കിൽ ഒന്നും മിസാവില്ലെന്നാണ് പോലീസും പറയുന്നത്. മികച്ച സേവനത്തിന് പല പ്രാവശ്യം ഗുഡ് സർവീസ് എൻട്രി ബഹുമതി ലഭിച്ചിട്ടുണ്ട്.
സീനിയർ സിപിഒ മാരായ കെ.ജെ.രാജീവ്, വി.എ. ശ്രീകുമാർ എന്നിവരാണ് ഹാൻഡിലർമാർ. മിസ്റ്റിയെ കൂടാതെ എക്സ്പ്ലോസീവ് സ്നിഫർമാരായ ജാമി, ബെർട്ടി, അർജുൻ, ക്രൈം സീൻ ട്രാക്കർമാരായ മാർലി, ടിൽഡ എന്നിവരാണ് കെ9 സ്ക്വാഡിലുള്ളത്.