കൊച്ചി: പ്രമുഖ അബ്കാരി ബിസിനസുകാരന് മിഥില മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. 20 വര്‍ഷം മുമ്പ് നടന്ന കേസിലെ പ്രതി തൃശൂര്‍ സ്വദേശി സന്തോഷ് കുമാര്‍ എന്ന കണ്ണനെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി പി.കെ. മോഹന്‍ദാസ് വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയത്. പ്രതിക്കെതിരേ വിചാരണ തുടരാന്‍ മതിയായ തെളിവുകളില്ലെന്നു കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ച് വിലയിരുത്തിയാണ് ഉത്തരവ്.
2006 ഏപ്രില്‍ അഞ്ചിനാണു മിഥില മോഹന്‍ വെണ്ണലയിലെ വീട്ടില്‍ വെടിയേറ്റു മരിച്ചത്. ബിസിനസുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍നിന്നുള്ള വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന് കേസ്. കേരള പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
പ്രതിക്കെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ആകെ 117 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രതിക്കുവേണ്ടി അഡ്വ. എന്‍.കെ. ഉണ്ണികൃഷ്ണന്, എന്‍.യു. ഹരികൃഷ്ണ, സയീര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.