ന്യൂഡല്‍ഹി: എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ സര്‍ക്കാര്‍ അധിനിവേശമെന്നു പരാതി. എന്‍സിഇആര്‍ടി ഒന്‍പതാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലാണ് വിവാദമായ പാഠഭാഗങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. രാമരാജ്യം, ഉപനിഷത്ത്, ചെങ്കോല്‍ പരാമര്‍ശങ്ങളും, ദേവി ഉപാസനകളിലൂടെ ലഭിച്ച വാളുകളെ സംബന്ധിച്ചുമൊക്കെയുണ്ട് പാഠങ്ങൾ.
നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം 2020, ഖേലോ ഭാരത് നീതി 2025 എന്നിവയുള്‍പ്പടെയുള്ളവ നല്ല ഭരണത്തിന്റെ ഉദാഹരണങ്ങളായിട്ടും നല്ല ഭരണത്തിന്റെയും നല്ല ജീവിതത്തിന്റെയും ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായി മഹാത്മാഗാന്ധി സങ്കല്‍പ്പിച്ചത് രാമരാജ്യമാണ് എന്ന പരാമര്‍ശവും വേദകാലം മുതല്‍ രാമായണം, മഹാഭാരതം വരെയുള്ള കാലഘട്ടവും മുണ്ഡകോപനിഷത്ത് പരാമര്‍ശങ്ങളും പുസ്തകത്തിലുണ്ട്.
ചോള രാജവംശത്തിന്റെ പാരമ്പര്യം രേഖപ്പെടുത്തുന്ന പാഠത്തില്‍ ഇന്ത്യയുടെ 1947 ഓഗസ്റ്റ് 15ന് അര്‍ധരാത്രിയില്‍, ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, തമിഴ്നാട്ടിലെ ശൈവ അധീന സന്യാസിമാരില്‍നിന്ന് സെങ്കോള്‍ (ചെങ്കോല്‍) സ്വീകരിച്ചുവെന്നും പഠിപ്പിക്കുന്നു.
ഏഴാംനൂറ്റാണ്ട് മുതല്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്ന തുടര്‍ച്ചയായ ആക്രമണങ്ങളെ ചെറുക്കാന്‍ പല രാജാക്കന്മാരും കാളി, ദുര്‍ഗ, ഭവാനി തുടങ്ങിയ ദേവിമാരില്നിന്ന് ലഭിച്ച വാളുകള്‍ ഉപയോഗിച്ചുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.
ഒന്‍പതാം ക്ലാസിലെ സാമൂഹികശാസ്ത്ര പാഠപുസ്തകം വിഭാവന ചെയ്തിരിക്കുന്നത് വിമര്‍ശനാത്മക അന്വേഷണത്തെ പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക ധാരണ പ്രോത്സാഹിപ്പിക്കാനുമാണെന്ന് എന്‍സിഇആര്‍ടി മേധാവി ദിനേഷ് പ്രസാദ് സക്ലാനി പറയുന്നു.
അണ്ടര്സ്റ്റാന്ഡിങ് സൊസൈറ്റി: ഇന്ത്യ ആന്‍ഡ് ബിയോണ്ട് എന്ന പാഠപുസ്തകത്തിന്റെ ആദ്യ ഭാഗം ജൂണിലാണ് പുറത്തിറങ്ങിയത്. അധ്യയന വര്‍ഷം തുടങ്ങി ആറുമാസത്തിനുശേഷമാണ് രണ്ടാം ഭാഗം പുറത്തിറങ്ങിയത്.