വഡ്നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വര്‍ഷത്തെ പൊതുജീവിതം പാവപ്പെട്ടവരുടെ ക്ഷേമത്തിനും ഇന്ത്യയുടെ വളർച്ചയ്ക്കും അടിത്തറ പാകിയ കാലഘട്ടമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ വഡ്നഗറില്‍ ‘സേവാ സങ്കല്പ് അഭിയാന്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കാലഘട്ടമാണിത്. വീട്, ശൗചാലയം, കുടിവെള്ളം, വൈദ്യുതി, ഭക്ഷണം, ആരോഗ്യപരിരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കോടിക്കണക്കിന് ജനങ്ങളിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ സഹായിച്ചു.
ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, പിഎം ഗതിശക്തി തുടങ്ങിയ പദ്ധതികളിലൂടെ രാജ്യത്തിന്റെ വികസനത്തിന് അടിത്തറയിട്ടത് ഈ കാലഘട്ടത്തിലാണ്.
ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാന കരാറുകള്‍, പ്രതിരോധ-ബഹിരാകാശ മേഖലകളിലെ മുന്നേറ്റങ്ങള്‍ എന്നിവ എടുത്തുപറയേണ്ടതാണ്. മോദിയുടെ 25 വര്‍ഷത്തെ പൊതുജീവിതത്തെ ‘ഇന്ത്യ ഫസ്റ്റ്’ എന്ന രണ്ടു വാക്കുകളില്‍ ചുരുക്കാമെന്നും അമിത് ഷാ പറഞ്ഞു.