പട്ടാന്പി: തിരുവേഗപ്പുറ പൈലിപ്പുറം തൂതപ്പുഴയുടെ കടവിൽ സഹോദരനൊപ്പം കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടു കാണാതായ എട്ടുവയസുകാരന്റെ മൃതദേഹം പൊന്നാനിയിൽ കണ്ടെത്തി.
കൊടുമുണ്ട മൂർക്കാൻകുഴി അബ്ദുൾഹക്കീമിന്റെ മകൻ മുഹമ്മദ് സഅദിന്റെ മൃതദേഹമാണു പൊന്നാനിയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴോടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ തുടരുന്നതിടെയാണ് പൊന്നാനി പുഴയോരത്ത് കൈലാസംകളം കടവിൽ മൃതദേഹം കണ്ടെത്തിയത്.
കൊടുമുണ്ട സ്വദേശികളായ സഹോദരങ്ങളായ സഅദും സഹലും പൈലിപ്പുറത്ത് ഉമ്മയുടെ വീട്ടിൽ വിരുന്നുവന്നതായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുകാർക്കൊപ്പം തൂതപ്പുഴ പൈലിപ്പുറം കാളിയാർവെട്ടം കടവിൽ കുളിക്കാൻ ഇറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ സഹലിനെ രക്ഷപ്പെടുത്തിയെങ്കിലും സഅദിനെ കാണാതാകുകയായിരുന്നു. പള്ളിപ്പുറം സഫ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥിയാണ് സഅദ്. അമ്മ: മുർശിദി.