കൊച്ചി: കോഴിക്കോട് കുറ്റ്യാടി മൊകേരി വട്ടക്കണ്ടി മീത്തല് ശ്രീധരന് വധക്കേസില് ഭാര്യയടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി.
പ്രതികളെ വെറുതെ വിട്ട നടപടിയില് ഇടപെടാന് കാരണമില്ലെന്നു വിലയിരുത്തിയാണ് കോഴിക്കോട് സെഷന്സ് കോടതി ഉത്തരവ് ശരിവച്ച് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
കേസിലെ ഒന്നാംപ്രതി ബംഗാള് സ്വദേശി പരിമള് ഖല്ദാന്, രണ്ടും മൂന്നും പ്രതികളായ കൊല്ലപ്പെട്ട ശ്രീധരന്റെ ഭാര്യ ഗിരിജ, ഭാര്യാ മാതാവ് ദേവി എന്നിവരെ വെറുതെവിട്ടതിനെതിരേ സര്ക്കാര് നല്കിയ അപ്പീല് കോടതി തള്ളി.
2017 ജൂലൈ എട്ടിനാണ് ശ്രീധരനെ കൊല്ലപ്പെട്ടനിലയില് കണ്ടെത്തിയത്. പുതിയ വീടിന്റെ നിര്മാണത്തിനെത്തിയ തൊഴിലാളി പരിമളുമായി ഗിരിജയ്ക്ക് അടുപ്പമുണ്ടായെന്നും ഇതിനെത്തുടര്ന്ന് ശ്രീധരനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന് കേസ്.എന്നാല്, ആരോപണങ്ങള് സംശയാതീതമായി തെളിയിക്കാന് പ്രോസിക്യൂഷനു കഴിയുന്നില്ലെന്ന് കോടതി വിലയിരുത്തി.