മോനിപ്പള്ളി: ഉഴവൂർ പഞ്ചായത്തിൽ മീമ്പന്താനത്ത് നിർമാണം ആരംഭിച്ചിരിക്കുന്ന പ്ലൈവുഡ് ഫാക്ടറിക്കെതിരേ ജനകീയ പ്രതിഷേധം ശക്തമായി. ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന പ്ലൈവുഡ് ഫാക്ടറി നിർമാണം എന്തു വിലകൊടുത്തും തടയുമെന്ന് ജനകീയ പ്രതിരോധ സമിതി ഭാരവാഹികൾ അറിയിച്ചു. ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സമിതിയുടെ നേതൃത്വത്തിൽ നാളെ പ്രതിഷേധ സമ്മേളനവും മാർച്ചും നടക്കും.
നാളെ വൈകുന്നേരം നാലിന് ആച്ചിക്കൽ ഹരിജൻ കോളനിക്കു മുന്നിൽനിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് ഫാക്ടറിക്കു മുന്നിൽ സമാപിക്കും. മോൻസ് ജോസഫ് എംഎൽഎ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എംപി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ഷിബി മത്തായി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡോ. സിന്ധുമോൾ ജേക്കബ്,വാർഡംഗം സൗമ്യ ജോയ്, ബെറ്റി ജോണി, എലിസബത്ത് ജോസഫ് എന്നിവർ പ്രസംഗിക്കും. ഉദയഗിരി പള്ളി വികാരി ഫാ. ജോസ് തറപ്പിൽ പ്രതിഷേധ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്യും.
ആശങ്ക ശക്തം
ഫാക്ടറിയിൽ നിന്നുണ്ടാകാവുന്ന രാസമാലിന്യങ്ങളും ശബ്ദ, വായു, ജല മലിനീകരണവും മോനിപ്പള്ളി ടൗൺ ഉൾപ്പെടെയുള്ള പഞ്ചായത്തിലെ ഒന്ന്, രണ്ട് 14 വാർഡുകളിലെയും ഇലഞ്ഞി പഞ്ചായത്തിലെയും ആയിരത്തിലധികം കുടുംബങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയാണ് ഉയരുന്നത്. ഫാക്ടറിയുടെ പ്രവർത്തനം മോനിപ്പള്ളിയുടെ കാർഷിക മേഖലയ്ക്കും കുടിവെള്ള സ്രോതസുകൾക്കും പൊതുജനാരോഗ്യത്തിനും പ്രത്യാഘാതങ്ങൾ ഉണ്ടാകാമെന്നും പ്രതിഷേധക്കാർ പറയുന്നു. ജനവാസ മേഖലയിൽ ഇത്തരം റെഡ് കാറ്റഗറി വ്യവസായ സ്ഥാപനം അനുവദിക്കാനാവില്ലെന്നും സമിതി വ്യക്തമാക്കി.
നിർമാണം തുടങ്ങിയത് തെറ്റിദ്ധരിപ്പിച്ചെന്ന്
ഡയറി ഫാം എന്ന പേരിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് നിർമാണം ആരംഭിച്ചതെന്ന ഗുരുതര ആരോപണവും ഉയരുന്നു. പരിസ്ഥിതി ആഘാത പഠനങ്ങളോ, പരിസരവാസികളിൽ നിന്നുള്ള തെളിവെടുപ്പോ നടന്നിട്ടില്ല.
വീതി കുറഞ്ഞതും പഞ്ചായത്തു സെക്രട്ടറിതന്നെ ഉത്തരവിലൂടെ ഭാരവാഹനങ്ങൾ നിരോധിച്ചിട്ടുള്ളതും സ്കൂൾ കുട്ടികളടക്കം നിരവധി കാൽനട യാത്രക്കാർ ആശ്രയിക്കുന്നതുമായ ആച്ചിക്കൽ ഹരിജൻ കോളനി - പറുദീസാ റോഡാണ് ഫാക്ടറിയിലേക്കുള്ള ഗതാഗത മാർഗമായി അനുവദിച്ചിരിക്കുന്ന്. ഇത് ജനസുരക്ഷയെ വെല്ലുവിളിക്കുന്നതും ചട്ടവിരുദ്ധവും നിയലംഘനവുമാന്നെന്ന് ചൂണിക്കാണിക്കപ്പെടുന്നു.