ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം ജൂലൈ 20-ന് ആരംഭിച്ച് ഓഗസ്റ്റ് 13-ന് സമാപിക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അനുമതി പ്രകാരമാണ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകളും തീരുമാനങ്ങളും ഈ സമ്മേളനത്തിൽ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.ഈ സമ്മേളനത്തിൽ രണ്ട് സുപ്രധാന ഭരണഘടനാ ഭേദഗതി ബില്ലുകൾ അവതരിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായി 30 ദിവസത്തിലധികം തുടർച്ചയായി തടവിൽ കഴിയുകയും ജാമ്യം ലഭിക്കാൻ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ എന്നിവരെ അതാത് സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ (130-ാം ഭേദഗതി) ബിൽ, ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുക ലക്ഷ്യമിട്ടുള്ള ഡീലിമിറ്റേഷൻ അഥവാ മണ്ഡല പുനർനിർണയ ബിൽ (131-ാം ഭേദഗതി) എന്നിവ വർഷകാല സമ്മേളനത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
ഈ രണ്ട് ബില്ലുകളും രാജ്യത്തിന്റെ രാഷ്ട്രീയ ഘടനയെ ബാധിക്കുന്ന സുപ്രധാന ബില്ലുകൾ ആയതിനാൽ പാർലമെന്റിൽ വലിയ ചർച്ചകൾക്ക് ഇത് വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.