കണ്ണൂർ: സംസ്ഥാന ലോട്ടറിയുടെ മൺസൂൺ ബംബർ ഒന്നാം സമ്മാനം കണ്ണൂർ തോട്ടട സ്വദേശിക്ക്. തോട്ടടയിൽനിന്ന് സുവിൻ എടുത്ത എംസി 576896 എന്ന ടിക്കറ്റാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചത്. നാളെ ഇദ്ദേഹം ടിക്കറ്റ് ബാങ്കിൽ കൈമാറും.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ ശ്രീ കാവേരി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുണ്ടയാട് സ്വദേശി ടി. മനോജ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ശ്രീ കാവേരിയിൽ നിന്ന് കോൽക്കത്ത സ്വദേശിയായ ലോട്ടറി ഏജന്റ് പോപ്പി ഖാൻ വഴി സുവിനെടുത്ത ടിക്കറ്റിനാണ് ബംബർ അടിച്ചത്. മൂന്നുവർഷമായി ലോട്ടറി ഏജന്റായി ജോലി ചെയ്തുവരികയാണ് പോപ്പിഖാൻ.
പതിനെഞ്ചു വർഷമായി കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് കോപ്ലക്സിലാണ് ശ്രീ കാവേരി ലോട്ടറി കട പ്രവർത്തിക്കുന്നത്. എറണാകുളം ജില്ലയിൽ നിന്ന് കൊണ്ടുവന്ന് കണ്ണൂരിൽ വിറ്റ ടിക്കറ്റിനാണ് ബംബർ സമ്മാനം ലഭിച്ചത്. നിലവിൽ 96,000 മൺസൂൺ ടിക്കറ്റുകൾ ഏജൻസി വിറ്റിരുന്നു. പോപ്പി ഖാൻ വിറ്റ130 മൺസൂൺ ടിക്കറ്റുകളിലെ എംസി 576896 എന്ന ടിക്കറ്റാണ് സമ്മാനത്തിന് അർഹമായത്. ഭാഗ്യശാലിയെ ആദ്യം കണ്ടെത്താനായില്ലെങ്കിലും ഇന്നലെ രാത്രിയോടെയാണ് കണ്ണൂർ സ്വദേശി സുവിനാണ് ആ ഭാഗ്യവാനെന്ന് തിരിച്ചറിഞ്ഞത്. 10 ദിവസം മുമ്പ് തോട്ടട ഭാഗത്ത് വിറ്റ ടിക്കറ്റിനാണ് ബംബർ ലഭിച്ചതെന്ന് പോപ്പിഖാൻ പറഞ്ഞു.
ഇതിനു മുമ്പും ശ്രീകാവേരി ഏജൻസിയിൽ നിന്നു വിറ്റ ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ബംബർ അടിക്കുന്നത്. ഇതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ടി. മനോജ് പറഞ്ഞു. ടിക്കറ്റ് ആരാണ് സ്വത്തമാക്കിയതെന്നറിയാനുള്ള ആകാംക്ഷയ്ക്കാണ് രാത്രിയോടെ പരിസമാപ്തിയായത്.