തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ 26 പേർ മരിച്ചെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. നാലു പേരെ കാണാതായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രാഥമിക കണക്കനുസരിച്ച് 67.44 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. 1782 ഹെക്ടർ സ്ഥലത്ത് കൃഷി നാശം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കാലവർഷക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. സംസ്ഥാനത്ത് 462 ദുരിതാശ്വാസ കാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ കാന്പുകളിലായി 27048 പേർ കഴിയുന്നുണ്ട്.
പൂർണ്ണമായി വീട് തകർന്നവർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. വീടും സ്ഥലവും നഷ്ടമായവർക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും.
വീട്ടിൽ വെള്ളം കയറിയ എല്ലാവർക്കും 10000 രൂപ അനുവദിക്കും. ഒരു കുടുംബത്തിലെ രണ്ട് പേർക്ക് പ്രതിദിനം 300 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവർത്തകന്റെ രാജേഷിന്റെ മരണം വേദനാജനകമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. രാജേഷിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തും.