ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും സാംസ്കാരിക പൈതൃകവും കാലാതീതമായ നാഗരികമൂല്യങ്ങളും വേദിയിൽ പുനരാവിഷ്കരിച്ച് ഡൽഹി അശോക് വിഹാറിലെ മോൺഫോർട്ട് സ്കൂൾ സംഘടിപ്പിച്ച ബൃഹത് സാംസ്കാരിക പരിപാടി "ദി ഒഡിസി - എ ടൈംലെസ് ടാപെസ്ട്രി' ശ്രദ്ധേയമായി.
സിന്ധുനദീതട സംസ്കാരം മുതൽ ആധുനിക ഇന്ത്യയുടെ വളർച്ച വരെയുള്ള ചരിത്രയാത്ര അവതരിപ്പിച്ച പരിപാടിയിൽ രണ്ടായിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു. രക്ഷിതാക്കൾ, പൂർവവിദ്യാർഥികൾ, അതിഥികൾ, അഭ്യുദയകാംക്ഷികൾ എന്നിവരടക്കം പതിനായിരത്തോളം പേർ പരിപാടി ആസ്വദിക്കാനെത്തി.
പ്രിൻസിപ്പൽ ബ്രദർ ജോയ് തോമസിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഡൽഹി വിദ്യാഭ്യാസ ഡയറക്ടർ അങ്കിത ആനന്ദ് ഐഎഎസ് മുഖ്യാതിഥിയായി. ഡൽഹി പ്രവിശ്യാ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. ബ്രദർ തമ്പി അലക്സ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. വിദ്യാർഥികളുടെ അവതരണത്തെ അഭിനന്ദിച്ച അങ്കിത ആനന്ദ്, ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം മനോഹരമായി വേദിയിൽ അവതരിപ്പിച്ചതിനെ പ്രശംസിച്ചു.
പുതിയ ആശയങ്ങളെയും സംസ്കാരങ്ങളെയും ഉൾക്കൊള്ളുകയും അധിനിവേശങ്ങളെയും വിദേശഭരണത്തെയും അതിജീവിച്ച് സ്വാതന്ത്ര്യം നേടുകയും ശാസ്ത്രസാങ്കേതിക രംഗങ്ങളിൽ പുരോഗതി കൈവരിച്ച് ആധുനിക രാഷ്ട്രമായി വളരുകയും ചെയ്ത ഇന്ത്യയുടെ യാത്ര വിവിധ രംഗങ്ങളിലൂടെ അവതരിപ്പിച്ചു.
പരിപാടിയുടെ ആശയാവിഷ്കാരം, രചന, സംവിധാനം, പശ്ചാത്തലസംഗീതം, ശബ്ദവിവരണം എന്നിവ നിർവഹിച്ചത് രാഗശ്രീ അശോക് പിള്ളയാണ്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ സവിശേഷത പരിപാടിയിലുടനീളം പ്രകടമായി.
വിവിധ ഭാഷകൾ, പ്രദേശങ്ങൾ, വിശ്വാസങ്ങൾ, വേഷവിധാനങ്ങൾ, കലാരൂപങ്ങൾ എന്നിവ ഒരേ ദേശീയപൈതൃകത്തിന്റെ ഭാഗമായി വേദിയിലെത്തി.