കൊച്ചി: വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ പദ്ധതിക്കുവേണ്ടി 2008ൽ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് മൂലമ്പിള്ളി പാക്കേജ് പ്രകാരം പുനരധിവാസത്തിനായി നൽകിയിട്ടുള്ള മൂന്നു സൈറ്റുകൾ ബലപ്പെടുത്താൻ നടപടികൾ ആരംഭിച്ചു.
ചതുപ്പു നിലത്തിനു സമാനമായ സ്ഥലത്ത് നിർമിച്ച വീടുകൾക്ക് ബലക്ഷയവും വിള്ളലുകളും കണ്ടെത്തിയതിനെ തുടർന്ന് ആക്ഷൻ കൗൺസിലും വരാപ്പുഴ അതിരൂപത രാഷ്ട്രീയകാര്യ സമതിയും നടത്തിയ ഇടപെടലിനെ തുടർന്നാണ് വേഗത്തിലുള്ള നടപടി. പിഡബ്ല്യുഡി, കൊച്ചിൻ പോർട്ട് അഥോറിറ്റി, കെഎംആർഎൽ, റവന്യൂ വകുപ്പുകൾ യോജിച്ചാണ് ബലപ്പെടുത്തൽ നടത്തുന്നത്.
മുളവുകാട് പോലീസ് സ്റ്റേഷന് സമീപം കാട്ടാത്തുകടവിലെ 76 സെന്റ്, കാക്കനാട് ഇന്ദിരാ നഗറിലെ 4.25 ഏക്കർ, തുതിയൂർ ആദർശ് നഗറിലെ 2.56 ഏക്കർ സ്ഥലമാണ് ബലപ്പെടുത്തുന്നത്. കപ്പൽച്ചാൽ ആഴംകൂട്ടുന്നതിന്റെ ഭാഗമായി കൊച്ചി കായലിൽ നിന്ന് നീക്കിയ മണ്ണാണ് ഇവിടേക്കായി ഉപയോഗിക്കുന്നത്. പുതുവൈപ്പ് എൽഎൻജി ടെർമിനലിന് സമീപം നിക്ഷേപിച്ചിട്ടുള്ള മണ്ണാണ് മൂന്ന് സൈറ്റുകളിലും എത്തിക്കുന്നത്. മണ്ണ് സൗജന്യമായി നൽകാമെന്ന് പോർട്ട് അഥോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ട്. 3.50 കോടിയാണ് ചെലവ്.
കഴിഞ്ഞ ജൂലൈയിലാണ് പ്ലോട്ടുകൾ മണ്ണിട്ട് ബലപ്പെടുത്താൻ തീരുമാനം ഉണ്ടായത്. മണ്ണ് നീക്കുന്നതിനാവശ്യമായ പാസുകൾ റവന്യൂ വകുപ്പ് ജിയോളജി വകുപ്പിൽനിന്ന് വാങ്ങും. സൈറ്റുകളിൽ മണൽ നിക്ഷേപിച്ചശേഷം നിലം ബലപ്പെടുത്തുന്ന പണികൾ ചെയ്യുന്നത് പിഡബ്ല്യുഡിയാണ്. ബലപ്പെടുത്തലിന്റെ തോത് കെഎംആർഎൽ പരിശോധിച്ചു സാക്ഷ്യപ്പെടുത്തും. മൂന്നു മാസത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനാണ് ശ്രമം.
വല്ലാർപാടം കണ്ടെയ്നർ റോഡ്-റെയിൽ പദ്ധതിക്കായി 2008ൽ മൂലമ്പിള്ളി അടങ്ങുന്ന കടമക്കുടി ഉൾപ്പെടെ ഏഴ് വില്ലേജുകളിൽ നിന്നായി 316 കുടുംബങ്ങളെ യാതൊരു പുനരധിവാസവും ഉറപ്പാക്കാതെ 2008 ഫെബ്രുവരി ആറിനാണ് കുടിയൊഴിപ്പിച്ചത്. തൊട്ടടുത്ത ദിവസം മുതൽ ഉയർന്ന ജനകീയ പ്രക്ഷോഭത്തെ തുടർന്നു മാർച്ച് 19ന് പുനരധിവാസ ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. എന്നാൽ ഒന്നും മുന്നോട്ടു നീങ്ങാതെ വന്നതോടെ കുടിയിറക്കപ്പെട്ടവർ വീണ്ടും സമരരഗത്ത് വരേണ്ടിവന്നു . പാക്കേജ് പ്രകാരം കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾക്ക് വാസയോഗ്യായ ഭൂമി, വീട് നിർമിക്കുന്നതിനുള്ള സഹായം, വീട് നിർമിക്കുന്നതുവരെ പ്രതിമാസ വാടക, കുടുംബത്തിലെ അർഹരായ ഒരാൾക്ക് തൊഴിൽ, ഉപജീവനം നഷ്ടപ്പെട്ടവർക്ക് പകരം സംവിധാനം തുടങ്ങിയ ആനുകൂല്യങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ പാക്കേജിലെ പല വാഗ്ദാനങ്ങളും ഇപ്പോഴും പൂർണമായി നടപ്പായിട്ടില്ല. പുനരധിവാസത്തിനായി തുതിയൂർ, ഇന്ദിരാനഗർ, മുളവുകാട് പ്രദേശങ്ങളിൽ സർക്കാർ അനുവദിച്ച ഭൂമിയുടെ വലിയൊരു ഭാഗം ചതുപ്പ് പ്രദേശങ്ങളായതിനാൽ വീടുകൾ നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.