പുല്‍പ്പള്ളി: കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ മൂരിയബ്ബ ആഘോഷിച്ചു. കാളകളെ കുളിപ്പിച്ച് ചമയങ്ങള്‍ ചാര്‍ത്തി ആരതി ഉഴിഞ്ഞ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാങ്കണങ്ങളിലെത്തിച്ച ശേഷം ഇവയെ കൂട്ടത്തോടെ ചെണ്ടമേളങ്ങളുടേയും വാദ്യമേളങ്ങളുടേയും കാതടപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളുടേയും ഒപ്പം ഓടിക്കുന്നതാണ് മൂരി ചാട്ടം അഥവാ മൂരിയബ്ബ എന്ന ആഘോഷം. കാര്‍ഷിക സമൃദ്ധിയുടേയും കന്നുകാലി സമ്പത്തിന്റേയും പ്രതീകമായി എല്ലായിടത്തും കന്നുകാലികളെ കുളിപ്പിച്ച് അണിയിച്ചൊരുക്കി കൊമ്പുകളില്‍ ചായം തേച്ച് പ്രത്യേക പൂജകളും നടത്തുന്നു.
തെക്കും വടക്കും പല രൂപങ്ങളിലാണ് അനുഷ്ഠാനങ്ങളെങ്കിലും ആഘോഷങ്ങളുടെ ഇതിവൃത്തം കാര്‍ഷിക സമൃദ്ധിയും കന്നുകാലി സമ്പത്തിന്റെ വര്‍ധനവുമാണ്. ദീപാവലി കഴിഞ്ഞ് വരുന്ന അമാവാസിയുടെ പിറ്റേന്ന് വടക്കേ ഇന്ത്യയില്‍ ഗോവര്‍ധന പൂജയുടെ ദിനമാണ്. കര്‍ണാടകയുടെ ചില ഭാഗങ്ങളില്‍ മഹാബലി ചക്രവര്‍ത്തിയുടെ ഭൂമിയിലേക്കുള്ള തിരിച്ചു വരവിന്റെ ഓര്മ പുതുക്കലാണിത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയിലും ബൈരക്കുപ്പയിലും മറ്റും വേടഗൗഡര്‍, ഉരിദാവര് തുടങ്ങിയ ഗോത്ര വിഭാഗങ്ങള്‍ അവരുടെ ദീപാവലിയായിട്ടാണ് ഇത് ആഘോഷിക്കുന്നത്.
വടക്കേ ഇന്ത്യക്കാര്‍ വീട്ടു പടിക്കല്‍ ചാണകം കൊണ്ട് ഗോവര്‍ധന പര്‍വതത്തിന്റെ മാതൃകകള്‍ ഉണ്ടാക്കി ഭംഗിയായി അലങ്കരിച്ച് പൂജിക്കുമ്പോള്‍ കര്‍ണാടകയില്‍ മണ്ണ് കൊണ്ടോ ചാണകം ഉപയോഗിച്ചോ മഹാബലി ചക്രവര്‍ത്തിയുടെ രൂപമോ കോട്ടയുടെ മാതൃകയോ നിര്‍മിച്ച് പൂജിക്കുന്നു. മഹാബലി തമ്പുരാന്റെ വരവറിയിച്ചുള്ള വിഭവ സമൃദ്ധമായ സസ്യവിഭവ സദ്യയും കര്‍ണാടകയുടെ പ്രത്യേകതയാണ്.