പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കുന്ന 16 മുതൽ പന്പയിലേക്ക് കൂടുതൽ ബസ് സർവീസുകൾക്കുള്ള സജ്ജീകരണങ്ങളുമായി കെഎസ്ആർടിസി പത്തനംതിട്ട ഡിപ്പോ. ഡിപ്പോയിലേക്ക് 22 ബസുകൾ സ്പെഷൽ സർവീസിനായി എത്തിക്കും.
പത്തനംതിട്ടയിലെ ആറു ബസുകൾകൂടി പന്പ സർവീസിനായി മാറ്റും. സൂപ്പർ ഫാസ്റ്റ് ബസുകളായിരിക്കും കൂടുതലായി സർവീസിനുണ്ടാകുക. 19 സൂപ്പർ ഫാസ്റ്റ് ബസുകളും ഒന്പത് ഫാസ്റ്റ് പാസഞ്ചർ ബസുകളുമാണ് ആദ്യഘട്ടത്തിൽ പത്തനംതിട്ട - പന്പ സർവീസിനുണ്ടാകുക. സൂപ്പർ ഫാസ്റ്റിന് 147 രൂപയും ഫാസ്റ്റിന് 143 രൂപയുമായിരിക്കും പത്തനംതിട്ടയിൽ നിന്നും പന്പയിലേക്കുള്ള യാത്രാനിരക്ക്.
തീർഥാടകരുടെ തിരക്ക് അനുസരിച്ച് 24 മണിക്കൂറും ബസ് സർവീസുകളുണ്ടാകും. നിലവിൽ പന്പയിലേക്കുള്ള പ്രിയദർശനി ഓർഡിനറി സ്ഥിരം സർവീസുകൾ മണ്ഡലകാലത്തും തുടർന്നേക്കും. ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം 6.45നുമാണ് നിലവിൽ പന്പ ഓർഡിനറി ബസുകളുള്ളത്. ഇതുകൂടാതെ രാവിലെ 10.00, 11.20 സമയങ്ങളിൽ രണ്ട് സ്ഥിരം ഫാസ്റ്റ് പാസഞ്ചർ പന്പ സർവീസുകളുമുണ്ട്.
അയ്യപ്പഭക്തർക്ക് വിരിവയ്ക്കാനും വിശ്രമിക്കാനും ആവശ്യമായ ക്രമീകരണങ്ങൾ പത്തനംതിട്ട ബസ് സ്റ്റാൻഡിൽ ഒരുക്കും.
ചാർട്ടേഡ് ട്രിപ്പുകൾ
പന്പയിലേക്ക് കെഎസ്ആർടിസി ചാർട്ടേർഡ് ട്രിപ്പുകൾ അയയ്ക്കാൻ സജ്ജമാണ്. ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിശ്ചിത നിരക്ക് മുൻകൂട്ടി അടയ്ക്കണം. ആളുകളെ നിർത്തിക്കൊണ്ടു പോകില്ല. പന്പയിൽ നിന്നുള്ള മടക്കയാത്രയ്ക്കും ചാർട്ടേർഡ് ട്രിപ്പുകൾ ലഭ്യമാകും.
ചാർട്ടേർഡ് ബസുകൾക്ക് പത്തനംതിട്ടയിൽനിന്ന് പന്പയിലേക്ക് ഫാസ്റ്റിന് 9300 രൂപയും സൂപ്പർ ഫാസ്റ്റിന് 9700 രൂപയുമാണ് നിരക്ക്. സൂപ്പർ ഡീലക്സിന് 10764 രൂപ അടയ്ക്കണം. ഒരു ബസിൽ ഡ്രൈവറെയും കണ്ടക്ടറെയും കൂടാതെ 51 യാത്രക്കാർക്ക് സഞ്ചരിക്കാം.
ചാർട്ടേർഡ് ബസുകളിൽ സീറ്റ് നിറയണമെന്ന നിർബന്ധമില്ല. അയ്യപ്പഭക്തർ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തി കയറ്റിക്കൊണ്ടു പോകും. ബസ് എത്തുന്ന സ്ഥലംവരെയുള്ള നിരക്ക് അധികമായി ഈടാക്കും.
പന്തളത്തെ മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിൽ
പന്തളം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് പന്തളം നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശുചീകരണ, അടിസ്ഥാന സൗകര്യ വികസന, മരാമത്ത് പ്രവർത്തനങ്ങൾ 80 ശതമാനത്തോളം പൂർത്തിയായി. തീർഥാടകർക്ക് സുരക്ഷിതവും ശുചിത്വപൂർണവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ഊർജിതമായി തുടരുകയാണ്.
തീർഥാടനത്തോടനുബന്ധിച്ച് പന്തളത്ത് എത്തുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അന്നദാന മണ്ഡപം നഗരസഭയുടെ നേതൃത്വത്തിൽ സജ്ജീകരിച്ചു. മണ്ഡപം പൂർണമായും ശുചീകരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വലിയകോയിക്കൽ ക്ഷേത്രപരിസരവും കടവും ശുചീകരിച്ചു. ക്ഷേത്രപരിസരത്തും പാർക്കിങ് മേഖലയിലും കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകർക്കും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
നഗരസഭയുടെ നേതൃത്വത്തിൽ നടത്തേണ്ട മരാമത്ത് പ്രവൃത്തികൾ എൻജിനിയറിംഗ് വിഭാഗം ആരംഭിച്ചു. പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ നഗരസഭാ ഭരണസമിതി അസിസ്റ്റന്റ് എൻജിനിയർക്കു നിർദേശം നൽകിയിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുമെന്ന് അസിസ്റ്റന്റ് എൻജിനിയർ ഉറപ്പുനൽകിയിട്ടുണ്ട്. നഗരസഭയുടെ മലിനജല സംസ്കരണ പ്ലാന്റ് പ്രവർത്തനരഹിതമായതിനെത്തുടർന്ന് സെപ്റ്റിക് മാലിന്യങ്ങൾ ചേർത്തലയിലെ എഫ്എസ്ടിപി പ്ലാന്റിലേക്കു നീക്കം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തീർഥാടനകാലത്ത് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചു. പാർക്കിംഗിനായി സ്ഥലങ്ങൾ കണ്ടെത്തുകയും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എൻജിനിയറിംഗ് വിഭാഗത്തിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. ഗതാഗതക്കുരുക്ക് രൂക്ഷമായാൽ അധിക പാർക്കിംഗ് സൗകര്യങ്ങളും ഒരുക്കും. അനധികൃത പാർക്കിംഗും കച്ചവടവും തടയുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ക്വാഡിനെയും സജ്ജമാക്കും.
തീർഥാടകർക്ക് വഴികാട്ടുന്നതിനുള്ള ദിശാബോർഡുകളും കുളിക്കടവുകളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. വലിയകോയിക്കൽ ക്ഷേത്രപരിസരത്തും മറ്റു പ്രദേശങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിവിധ വകുപ്പുകളുമായി അവലോകന യോഗങ്ങളും നടത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് മുൻ വർഷങ്ങളിൽ വാടകയിനത്തിൽ നൽകിയിരുന്ന മൂന്നു ലക്ഷം രൂപ ഈ വർഷം ഒഴിവാക്കിക്കിട്ടുന്നതിനായി എൽഡിഎഫ്, യുഡിഎഫ് കൗൺസിലർമാർ ദേവസ്വം മന്ത്രിയെയും ബോർഡിനെയും നിരന്തരം സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തുക ഒഴിവാക്കി ലഭിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ശബരിമല തീർഥാടനത്തിനുള്ള മുന്നൊരുക്കങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് നഗരസഭാ ചെയർപേഴ്സൺ എം.ആർ. കൃഷ്ണകുമാരി, വൈസ് ചെയർമാൻ കെ. മണിക്കുട്ടൻ, സ്ഥിരംസമിതി അധ്യക്ഷരായ എസ്. അരുൺ, സുനിത വേണു, ബി. പ്രദീപ്, സാബിറ ബീവി എന്നിവർ അറിയിച്ചു.