പത്തൊമ്പതാം നൂറ്റാണ്ടിനും ഇരുപതാം നൂറ്റാണ്ടിനും ഇടയിലുള്ള അമ്പതു വർഷമാണ് മറിയം ത്രേസ്യയുടെ ജീവിതകാലം. 1926ൽ സ്വർഗസ്ഥയായതിനുശേഷം നൂറു വർഷം തികയുകയാണ്. കേരള നവോത്ഥാനത്തിന്റെ 150 വർഷങ്ങളാണ് മറിയം ത്രേസ്യക്ക് അവകാശപ്പെട്ടത്. കേരള നവോത്ഥാനത്തിന്റെ നായികയായി മറിയം ത്രേസ്യ അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു.
ആ കാലഘട്ടത്തിലെ സാമൂഹ്യ നവോത്ഥാന ചിത്രങ്ങളിലൊന്നും ഒരു സ്ത്രീയെ രേഖപ്പെടുത്തി കണ്ടിട്ടില്ല. നമ്മുടെ വിചാരമാതൃക അല്പമൊന്നു വികസിപ്പിച്ചാൽ ഒരുപക്ഷേ മറിയം ത്രേസ്യയെപ്പോലുള്ള ആത്മീയവ്യക്തിത്വങ്ങളെ അക്കൂട്ടത്തിൽ ചേർക്കാനായേക്കും. കേരളീയ നവോത്ഥാനചരിത്രത്തിലെ നായികമാരിൽ ഒരാളായി വിശുദ്ധ മദർ മറിയം ത്രേസ്യ ഭാവികാലത്ത് അടയാളപ്പെടുത്തപ്പെടും എന്നതിൽ സംശയമില്ല.
ആത്മീയജീവിതം
സ്ത്രൈണ ആത്മീയത എന്ന പദം ഒരു ആശയമായിട്ടുപോലും രൂപപ്പെടുംമുമ്പേ മറിയം ത്രേസ്യക്ക് ഒരു അനുഭൂതിയായി അതു രൂപപ്പെട്ടുകഴിഞ്ഞിരുന്നു. തനിക്കുള്ളിൽതന്നെ ഒരു പെൺപ്രബുദ്ധത ആത്മശക്തിയായി അവളിൽ രൂപംകൊണ്ടിരുന്നു. ജന്മലഭ്യമായ ഒരു ദൗത്യബോധമാണ് ത്രേസ്യയുടെ ആത്മീയജീവിതത്തെ നിർണയിച്ചത്. ആഴത്തിലുള്ള അപരോന്മുഖമായ നീതിബോധം എന്ന് അതിനെക്കുറിച്ച് പറയാം. അത് ആരും അവൾക്കുമേൽ തുന്നിപ്പിടിപ്പിച്ചതല്ല, അവൾക്കുള്ളിൽ സഹനംകൊണ്ടും ധ്യാനംകൊണ്ടും കിളിർത്തുവന്നതാണ്.
അമ്പതാം വയസിൽ അവസാനിച്ച ആ ജീവിതത്തിൽ കണ്ണഞ്ചിപ്പിക്കുന്നതും വർണശബളവുമായ നാടകീയതകളൊന്നും കണ്ടെത്താൻ കഴിയില്ല. അത്രയും ലളിതവും വിനീതവും അനാകർഷണീയവുമായ സങ്കടങ്ങൾ നിറഞ്ഞ വിചിത്രവിധികളായിരുന്നു ആ ജീവിതത്തിൽ ഉണ്ടായിരുന്നത്. എന്നാൽ എല്ലായ്പ്പോഴും ഉള്ളിൽ ഒരു വലിയ സ്നേഹം ആളിക്കത്തുന്നുണ്ടായിരുന്നു. ദൈവത്തോടും മനുഷ്യരോടുമുള്ള തീവ്രസ്നേഹത്താൽ കത്തിജ്വലിച്ച ഒരു പുണ്യജീവിതം. ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങൾ കഠിനതപസിലൂടെ സ്വന്തം ശരീരത്തിൽ ഏറ്റുവാങ്ങി വ്രണിതശുശ്രൂഷകനായ യേശുവുമായുള്ള ആത്മീയസംയോഗത്താൽ ലഭിച്ച മുറിവുകൾ മറ്റുള്ളവരുടെ മുറിവുകളെ ശുശ്രൂഷിക്കാൻ അവൾക്കു ശക്തി പകർന്നു.
1876 ഏപ്രിൽ 26ന് തൃശൂർ ജില്ലയിലെ പുത്തൻചിറ ഗ്രാമത്തിൽ ജനിച്ചു. 1926 ജൂൺ എട്ടിനു ജന്മഗൃഹത്തിൽനിന്ന് അഞ്ചു മൈൽ അകലെ കുഴിക്കാട്ടുശേരി തിരുക്കുടുംബമഠത്തിൽ അന്തരിച്ചു. ഏറിയാൽ 50 കിലോമീറ്റർ ചുറ്റളവിലുള്ള ഭൂപ്രകൃതിയിൽ ത്രേസ്യ അവളുടെ ജീവിതയാത്രയെ സംഗ്രഹിച്ചു എന്നു പറയാം. കളരിയാശാനിൽനിന്നു ലഭിച്ച പരിമിതമായ വിദ്യാഭ്യാസം മാത്രമേ ത്രേസ്യക്കുണ്ടായിരുന്നുള്ളൂ. ജന്മലഭ്യമായ ആത്മീയദാഹത്താൽ കുരുന്നുപ്രായത്തിൽതന്നെ അസാധാരണമായ ദൈവികാഭിമുഖ്യവും കാരുണ്യബോധവും അവളിൽ കാണപ്പെട്ടു.
പന്ത്രണ്ടാം വയസിൽ അമ്മ മരിച്ചതോടെ ത്രേസ്യയുടെ ജീവിതം അനാഥമായി. ദാരിദ്ര്യവും സംഘർഷഭരിതവുമായ കുടുംബാന്തരീക്ഷം അവളെ തീർത്തും ഒറ്റപ്പെടുത്തി. അങ്ങനെയാണവൾ സ്വന്തമായൊരു ആത്മീയഭവനം ഉള്ളിൽ നിർമിച്ചെടുത്തത്. ആത്മീയ ശൈശവത്തിന്റെ താദാത്മ്യതയും ആർജവവും നിഷ്കളങ്കതയും ത്രേസ്യയുടെ കുട്ടിക്കാലത്തെ സ്നേഹനിർഭരമാക്കി. ദൈവം എയ്തുവിട്ട ഒരമ്പാണ് താനെന്നും അത് എവിടെയൊക്കെയാണ് വന്നുതറയുന്നതെന്നും അവൾക്കുള്ളിലൊരു ദൗത്യബോധം ശക്തമായിരുന്നു.
പെൺ സംഘത്തിന്റെ ഇടപെടലുകൾ
അമ്മ മരിച്ചതിനുശേഷം തന്നോട് ആശയപ്പൊരുത്തമുള്ള മൂന്നു കുട്ടുകാരികളെ ത്രേസ്യക്കു ലഭിച്ചു. അസാധാരണമായ ഒരു പെൺസൗഹൃദം രൂപപ്പെടുകയായിരുന്നു. ആ കൂട്ടുകാരികൾക്കൊപ്പം അയൽ വീടുകളിലെ രോഗികളെയും മരണാസന്നരെയും സന്ദർശിക്കാൻ അവൾ മുന്നിട്ടിറങ്ങി. സ്ത്രീകൾ വീടുകളിലെ അകത്തളങ്ങളിൽനിന്നു പുറത്തുകടക്കുന്നതു നിഷിദ്ധമായിരുന്ന കാലത്താണ് ത്രേസ്യയുടെ പെൺസംഘം ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ ദുരിതങ്ങളിലേക്കു ധീരമായി ഇടപെട്ടതെന്നോർക്കണം. വീട്ടുകാരും നാട്ടുകാരും ശക്തമായി എതിർത്തിട്ടും വിലക്കിയിട്ടും അവരുടെ സാമൂഹ്യദിനചര്യകളിൽ മാറ്റം ഉണ്ടായില്ല. വേദനയിൽ നുറുങ്ങുന്നവരുടെ ഹൃദയം വായിച്ചറിയാനുള്ള സവിശേഷസിദ്ധി ത്രേസ്യയിൽ പ്രബലമായിരുന്നു. കഷ്ടപ്പാടുകളും വേദനകളും നിറഞ്ഞ മനുഷ്യാവസ്ഥയിൽ ഇടപെട്ടുകൊണ്ടല്ലാതെ ദൈവത്തിലേക്കു വേറെ വഴികളില്ലെന്ന കഠിനസത്യമാണ് ത്രേസ്യയുടെ ജീവിതം പഠിപ്പിക്കുന്നത്.
തകർന്ന കുടുംബങ്ങളെ ശുശ്രൂഷിക്കുന്ന ഒരു സന്യാസിനി ആശ്രമമായിരുന്നു ത്രേസ്യ സ്വപ്നം കണ്ടത്. അത് ഒരുനാൾ സംഭവിക്കുമെന്ന് അവൾക്കു ദൃഢമായ വിശ്വാസമുണ്ടായിരുന്നു. ശിഥിലമായ കുടുംബങ്ങളെ ശുശ്രൂഷിച്ചും സാന്ത്വനിപ്പിച്ചും പരിചരിച്ചും പുതുക്കിയെടുക്കുക എന്നത് ആ കാലത്തിന്റെ ഒരു നവോത്ഥാനസംരംഭമായി കണക്കാക്കുന്നതിൽ തെറ്റില്ല. 38 വയസുവരെ ത്രേസ്യയുടെ ആത്മീയ പ്രേഷിത ജീവിതം ആ പെൺസംഘത്തിനൊപ്പം ധീരമായി തുടർന്നു. “ആരോരുമില്ലാത്തവരെ സഹായിക്കുമ്പോൾ ദൈവം തരുന്ന പ്രതിഫലത്തിന് അളവില്ല” എന്നാണവൾ അക്കാലത്ത് എഴുതിവച്ചത്. ത്രേസ്യയുടെ വിചിത്രമായ സ്നേഹ, സേവന സാക്ഷ്യങ്ങൾ ആദ്യമൊന്നും സഭാധികാരികൾ ഗൗരവത്തിൽ എടുത്തില്ല. സംശയിക്കുകയുംകൂടി ചെയ്തു. ചില വിലക്കുകളും അവരേർപെടുത്തുകയുണ്ടായി.
വിതയത്തിലച്ചന്റെ സ്വാധീനം
പരസേവനംവഴി സ്വന്തം ആത്മീയതയെ ആഴപ്പെടുത്തിക്കൊണ്ടിരിക്കെത്തന്നെ ത്രേസ്യ ആത്മാവിന്റെ ഇരുണ്ട രാത്രികളിലൂടെ കഠിനമായി പരീക്ഷിക്കപ്പെട്ടു. അതിതീവ്രമായ സഹനാനുഭവങ്ങളും അസാധാരണമായ പാരവശ്യങ്ങളും ആനന്ദകരമായ ആന്തരികപ്രത്യക്ഷങ്ങളും ഭയാനകമായ പ്രലോഭനങ്ങളും അനുഭവപ്പെട്ട ആ കാലത്താണ് പുണ്യചരിതനായ ജോസഫ് വിതയത്തിലച്ചനെ ത്രേസ്യക്ക് ആത്മീയഗുരുവായി ലഭിച്ചത്. തന്റെ ശാരീരികവും ആത്മീയവുമായ യാതനകളുടെയും അസാധാരണമായ ദർശനങ്ങളുടെയും പിന്നിലുള്ള ദിവ്യരഹസ്യങ്ങൾ വെളിപ്പെട്ടുകിട്ടുന്നതിൽ ആത്മീയപിതാവിന്റെ ഉപദേശങ്ങൾ നിർണായകമായിരുന്നു. അനിശ്ചിതത്വത്തിന്റെയും അപവാദങ്ങളുടെയും ഒട്ടേറെ അഗ്നിപരീക്ഷണങ്ങൾക്കൊപ്പം അന്തഃകരണത്തിൽനിന്നു കേട്ട ദൈവിക ആജ്ഞകളെ ധീരമായി പിന്തുടരാൻ ത്രേസ്യക്കു സാധിച്ചതു വിതയത്തിലച്ചന്റെ സ്വാധീനത്താലാണ്.
യാതനകളുടെ പാരമ്യമായ പഞ്ചക്ഷതാനുഭവങ്ങൾ ലഭിച്ച കേരളത്തിലെ ആദ്യ പുണ്യവതിയാണ് മറിയം ത്രേസ്യ. യേശുവിന്റെ അഞ്ചു മുറിവുകൾ സ്വന്തം ശരീരത്തിൽ അവൾ ഏറ്റുവാങ്ങുകയായിരുന്നു. പഞ്ചക്ഷതാനുഭവങ്ങൾ ആവർത്തിക്കപ്പെട്ട ആ ദിനങ്ങളിൽ മുറിവുകളിൽനിന്ന് അളവില്ലാത്തവിധം ചോരയൊഴുകി. ക്ഷതങ്ങൾ യേശുവിന് പ്രവേശിക്കാനുള്ള വാതിലുകളായി കണ്ട് അവൾ നിർവൃതിയോടെ സഹിച്ചു. ഒരു ക്രിസ്ത്യൻ മിസ്റ്റിക്കിന്റെ ഉടൽ സത്തയാണ് മറിയം ത്രേസ്യ. സഹനവും ധ്യാനവും ചേർന്ന് ഒരു നിഗൂഢ സ്നേഹത്തിന്റെ ഊർജം ത്രേസ്യയെ പതിന്മടങ്ങ് ധീരയാക്കി.
ഈശ്വരാനുഭൂതിയെക്കുറിച്ചുള്ള താത്വിക യുക്തികളെ അതിവർത്തിക്കുന്ന ആശ്ചര്യകരമായ സ്ത്രൈണാനുഭവം മറിയം ത്രേസ്യ സ്വായത്തമാക്കിയതായി കാണാം. ആചാരങ്ങളിൽ ഒതുങ്ങിക്കിടക്കാത്ത ഈശ്വരസംയോഗം ഹൃദയഹാരിയായ വിധത്തിൽ മറിയം ത്രേസ്യ ആവിഷ്കരിച്ചു. ആവിലായിലെ ത്രേസ്യ, സിയന്നായിലെ കാതറിൻ, കിൻസാരയിലെ ബ്രിജിത്ത് തുടങ്ങിയ ക്രൈസ്തവ സന്യാസിനികളിൽ ആളിക്കത്തിയ സ്ത്രൈണആത്മീയതയുടെ ധ്യാനാത്മകമായ തീനാളം ഈ കേരളീയ പുണ്യവതിയിലേക്കും പകർന്നു കിട്ടിയിട്ടുണ്ട്. വിരോചിതമായ ഈ സ്നേഹം സൃഷ്ടിക്കുന്ന ഊർജം ഒരു വ്യക്തിയെ ഒറ്റയ്ക്ക് പടക്കളത്തിലേക്കു കൊണ്ടുപോകും. ഫ്രാൻസിലെ ജോൺ ഓഫ് ആർക്കിന്റേതുപോലുള്ള ഇച്ഛാശക്തിയും സഹനശക്തിയും ആത്മീയധീരതയും മറ്റൊരളവിൽ മറിയം ത്രേസ്യയിലും പ്രതിസ്പന്ദിച്ചിരുന്നു.
തിരുക്കുടുംബ സമൂഹം
38 ദീർഘകാലത്തെ ആത്മീയ പോരാട്ടത്തിനൊടുവിൽ മറിയം ത്രേസ്യ മരിച്ച് മുക്കാൽ നൂറ്റാണ്ടിനുശേഷമാണ് മദർ തെരേസയുടെ കാരുണ്യ ജീവിതം ആരംഭിക്കുന്നത്. അനാഥർക്കും അഗതികൾക്കും രോഗികൾക്കും ഉപേക്ഷിതർക്കും മറിയം ത്രേസ്യ പകർന്നുകൊടുത്ത കരുതലിന്റെയും കാരുണ്യത്തിന്റെയും മഹാമാതൃക മദർ തെരേസയുടെ ജീവിതം തുടങ്ങുന്നതിന് എത്രയോ ദശകങ്ങൾക്ക് മുമ്പാണെന്നുള്ളത് ഓർക്കുമ്പോൾ വിസ്മയം തോന്നും. 1914 മേയ് 14നാണ് ത്രേസ്യ വ്രതവാഗ്ദാനം ചെയ്യുന്നത്. പിന്നീട് സന്യാസിനിയായി 12 വർഷങ്ങൾ മാത്രമാണ് അവർ ജീവിച്ചത്. മൂന്നു കുട്ടുകാരികൾക്കൊപ്പം തിരുക്കുടുംബസമൂഹം പുത്തൻചിറയിലെ ഏകാന്ത ഭവനത്തിൽ അനാർഭാടമായി ആരംഭിച്ചു.