സാങ്കേതികവിദ്യ കൈവിട്ട നിമിഷത്തിൽ തന്റെ മകൻ നിശബ്ദനാകാതിരിക്കാൻ ഒരു അമ്മ കണ്ടെത്തിയ വേറിട്ട വഴിയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്.
കാനഡക്കാരിയായ ജെസിക്ക ഫ്ലെച്ചറും തന്റെ സംസാരശേഷിയില്ലാത്ത പതിനൊന്നുകാരൻ മകൻ ഹണ്ടറും ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് സംഭവങ്ങളുടെ തുടക്കം.
ആശയവിനിമയത്തിനായി ഹണ്ടർ ആശ്രയിച്ചിരുന്ന ടാബ്ലെറ്റിന്റെ ബാറ്ററി പെട്ടെന്ന് തീർന്നതോടെ അവൻ ഒരു നാപ്കിനിൽ കീബോർഡ് വരച്ച് അക്ഷരങ്ങളിൽ വിരൽ ചൂണ്ടി ഭക്ഷണം ഓർഡർ ചെയ്തു.
മകന്റെ ഈ ബുദ്ധിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജെസിക്ക, ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തപ്പോഴും അവന് സംസാരിക്കാൻ വഴിയൊരുക്കാൻ തീരുമാനിച്ചു.
തുടർന്ന് ഒരു ടാറ്റൂ ആർട്ടിസ്റ്റിന്റെ സഹായത്തോടെ ജെസിക്ക സ്വന്തം കൈത്തണ്ടയിൽ ഒരു കീബോർഡും ചില വികാരങ്ങൾ സൂചിപ്പിക്കുന്ന ചിഹ്നങ്ങളും സ്ഥിരമായി പതിപ്പിച്ചു. ടാറ്റൂ കണ്ടയുടൻ അമ്മയുടെ കൈയിൽ വിരലമർത്തി ഹണ്ടർ എഴുതിയ ആദ്യ വാക്ക് 'അമ്മ' എന്നായിരുന്നു.
ഉപകരണങ്ങൾ ഉറക്കെ ശബ്ദമുണ്ടാക്കുമ്പോൾ, കൈത്തണ്ടയിലെ അക്ഷരങ്ങളിലൂടെ മറ്റുള്ളവരുടെ ശ്രദ്ധതിരിക്കാതെ സ്വകാര്യമായി സംസാരിക്കാനും ഇത് അവരെ സഹായിച്ചു.
പിന്നീട് ഈ ആശയം ഹണ്ടറിന്റെ കൂട്ടുകാരിലേക്കും പടരുകയും വസ്ത്രങ്ങളുടെ കൈകളിൽ കീബോർഡ് പ്രിന്റ് ചെയ്ത ഷർട്ടുകൾ നിർമ്മിക്കുന്നതിലേക്ക് വരെ എത്തിനിൽക്കുകയും ചെയ്തു.
സാങ്കേതികവിദ്യകൾ തകരാറിലായാലും സംസാരിക്കാൻ കഴിയാത്തവരുടെ ശബ്ദം നിലച്ചുപോകരുതെന്നും തന്റെ മകനായി എത്ര ത്യാഗം സഹിക്കാനും തയ്യാറാണെന്നുമാണ് ഈ അമ്മ തെളിയിക്കുന്നത്.