മക്കളെയുമെടുത്ത് ജോലി ചെയ്യുന്ന ഒരു അധ്യാപികയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. അസമിൽ നിന്നുള്ള അധ്യാപികയായ റൂമി ഡേക്കയാണ് സെൻസസ് 2027-ന്റെ വിവരശേഖരണത്തിനായി തന്റെ ഇരട്ടക്കുട്ടികളുമായി വീടുകൾ തോറും കയറിയിറങ്ങുന്നത്.
ഒരു കുട്ടിയെ കൈകളിൽ ഏന്തിയും രണ്ടാമത്തെയാളുടെ കൈപിടിച്ചുമാണ് അവർ സർവേ നടപടികൾ പൂർത്തിയാക്കുന്നത്. ചൂടും പ്രതികൂല കാലാവസ്ഥയും വകവെക്കാതെയാണ് റൂമിയുടെ ഈ യാത്ര.
കുഞ്ഞുങ്ങളെ വീട്ടിൽ തനിച്ചാക്കി വരാൻ മറ്റു വഴികളില്ലാത്തതുകൊണ്ടാണ് ജോലി സ്ഥലത്തേക്ക് ഒപ്പം കൂട്ടേണ്ടി വന്നതെന്ന് അവർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
കടുത്ത വെല്ലുവിളികൾക്കിടയിലും തനിക്ക് നൽകിയ ഔദ്യോഗിക ചുമതല കൃത്യമായി നിർവ്വഹിക്കാനുള്ള റൂമിയുടെ ആത്മാർഥതയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്.
അതേസമയം, സ്കൂളിലെ അധ്യാപനവും കുടുംബവും ഒപ്പം സെൻസസ് ജോലിയും ഒരേപോലെ മുന്നോട്ട് കൊണ്ടുപോകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് ചിലർ സംശയം പ്രകടിപ്പിച്ചു. ഇതിനു മറുപടിയുമായി റൂമിയുടെ ഭർത്താവ് തന്നെ രംഗത്തെത്തിയിരുന്നു.
റൂമിയുടെ സ്ഥിരം ജോലിസ്ഥലമായ സ്കൂൾ വീടിനടുത്താണെന്നും എന്നാൽ സെൻസസ് ഡ്യൂട്ടിക്ക് വിവിധ പ്രദേശങ്ങളിൽ പോകേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ദിവസേന കുട്ടികളുമായിട്ടാണ് ജോലി ചെയ്യുന്നതെന്ന് സ്ഥാപിക്കാനല്ല, മറിച്ച് റൂമിയുടെ അധ്വാനത്തെ അഭിനന്ദിക്കാനാണ് വീഡിയോ പങ്കുവെച്ചതെന്നും ചുരുങ്ങിയൊരു ദൃശ്യം കണ്ട് മുഴുവൻ സാഹചര്യത്തെയും വിലയിരുത്തരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
2011-ന് ശേഷം രാജ്യത്ത് നടക്കുന്ന വലിയ ജനസംഖ്യാ കണക്കെടുപ്പായ സെൻസസ് 2027, സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലാണ് ഒരുങ്ങുന്നത്.
മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വീടുകളുടെ വിവരശേഖരണവും ജനസംഖ്യാ കണക്കെടുപ്പും നടത്തുമ്പോൾ, ഫീൽഡ് തലത്തിൽ ഉദ്യോഗസ്ഥർ അനുഭവിക്കുന്ന യാഥാർഥ്യങ്ങളിലേക്കും പ്രയാസങ്ങളിലേക്കുമാണ് റൂമിയുടെ വീഡിയോ വിരൽ ചൂണ്ടുന്നത്.