ഉടുമ്പന്നൂര്‍: കാട്ടുപന്നികള്‍ കുറുകെ ചാടിയതിനെത്തുടര്‍ന്നു ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ഥിക്കു പരിക്കേറ്റു. ഉടുമ്പന്നൂര്‍ പഞ്ചായത്ത് മലയിഞ്ചി വാര്‍ഡ് മെംബറായ പനിച്ചേല് പി.ബി. മനോജിന്റെ മകന് മിഥുനാണ് (18 ) പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
താമസസ്ഥലമായ ചേലക്കാടിനു പോകുന്നവഴിയില്‍ പാട്ടയ്ക്കല് വച്ചായിരുന്നു അപകടം. റോഡിനു മുകളിലെ പുരയിടത്തില്‍നിന്നു കാട്ടുപന്നികള്‍ കൂട്ടത്തോടെ വാഹനത്തിനു മുന്നിലേക്കു ചാടുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് മിഥുന് റോഡിലേക്ക് തെറിച്ചുവീണെങ്കിലും കൈക്കും കാലിനും നിസാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് അടുത്തിടെയായി കാട്ടുപന്നികള്‍ കൂട്ടത്തോടെയെത്തി വിളകള്‍ വ്യാപകമായി നശിപ്പിക്കുന്നതിനാല്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്.