തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ ആശങ്ക രേഖപ്പെടുത്തി മുൻ മന്ത്രിയും ഇടതുപക്ഷ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ്. പുതിയ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആശംസകൾ അറിയിച്ചുകൊണ്ട് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് റിയാസ് ഈ വിഷയത്തിലെ തന്റെ വിയോജിപ്പ് വ്യക്തമാക്കിയത്.
ഔദ്യോഗികമായി പൊതുവേ അംഗീകരിക്കപ്പെടുകയും ആലപിക്കപ്പെടുകയും ചെയ്യുന്നത് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഈരടികൾ മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
"വന്ദേമാതരത്തിലെ തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണ്. വന്ദേമാതരം നിർബന്ധിതമാക്കാനുള്ള ശ്രമങ്ങൾ ഭരണഘടനാ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയും ബാധിക്കുമെന്ന് പൗരാവകാശ പ്രവർത്തകർ മുൻപും അഭിപ്രായപ്പെട്ടിട്ടുള്ളതാണ്." - റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു നിർദേശം മാത്രമാണെന്നും അത് നിർബന്ധിതമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്ന് റിയാസ് ഓർമിപ്പിച്ചു. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്ഭവന്റെ ഭാഗത്തുനിന്ന് വന്ന പല നിർദേശങ്ങളും തിരുത്താൻ കാണിച്ച ഇടപെടൽ, വന്ദേമാതരം മുഴുവനായും ചൊല്ലിയ വിഷയത്തിലും ഉണ്ടാകണമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മതനിരപേക്ഷതയും ബഹുസ്വരതയും ഉയർത്തിപ്പിടിക്കുന്ന നമ്മുടെ പൊതുബോധത്തോട് കൂടുതൽ ചേർന്നുനിൽക്കുന്ന സമീപനങ്ങൾ സ്വീകരിക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്ന് റിയാസ് ആവശ്യപ്പെട്ടു. ഒരു ഇടതുപക്ഷ എംഎൽഎ എന്ന നിലയിൽ പുതിയ സർക്കാരിനെ തുടക്കത്തിലേ കണ്ണടച്ച് എതിർക്കുകയാണെന്ന് ഇതിനെ വ്യാഖ്യാനിക്കരുത്. മറിച്ച്, ഈ വിഷയത്തിൽ ഭരണഘടന മുറുകെപ്പിടിച്ച് താൻ ഉയർത്തിയ വശങ്ങളെ ഗൗരവത്തോടെ കാണാൻ പുതിയ സർക്കാർ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.