ധാക്ക: ബംഗ്ലാദേശിൽ നിരോധിത അവാമി ലീഗ് ആഹ്വാനം ചെയ്ത ലോക്ക്ഡൗണിന് മുന്നോടിയായി വ്യാപക അക്രമം. മുൻ ഇടക്കാല സർക്കാർ മേധാവി മുഹമ്മദ് യൂനുസിന്റെ ചാട്ടോഗ്രാമിലെ പൂർവിക വീടിന് അക്രമികൾ തീവച്ചു. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു.
മുൻ വിദ്യാഭ്യാസ മന്ത്രി നൂറുൽ ഇസ്ലാം നഹിദിനെ കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 24 മണിക്കൂറിനിടെ 565 പേരെയാണ് ബംഗ്ലാദേശിൽ പൊലിസ് അറസ്റ്റ് ചെയ്തത്. അതിക്രമങ്ങൾക്ക് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് വ്യക്തമാക്കി.
കനത്ത സുരക്ഷ ഒരുക്കിയിട്ടും ധാക്കയിലുടനീളം സ്ഫോടനങ്ങളും തീവയ്പ്പും വിവിധ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഫോടനങ്ങളിൽ നാല് പേർക്ക് പരിക്കേറ്റു. സിൽഹെറ്റ്, രാജ്ഷാഹി, ബാരിഷാൽ, ഫരീദ്പൂർ എന്നിവിടങ്ങളിലെ യൂനുസിന്റെ ഗ്രാമീൺ ബാങ്ക് ശാഖകൾക്ക് നേരെയും ആക്രമണം നടന്നു.