മുംബൈ: കഴിഞ്ഞ ആഴ്ചയുണ്ടായ ശക്തമായ മുന്നേറ്റത്തിന് ശേഷം, ഇന്നലെ നടന്ന പ്രത്യേക ദീപാവലി വ്യാപാര സെഷനിൽ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികകൾ നേരിയ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. തുടക്കത്തിൽ ലഭിച്ച നേട്ടങ്ങൾ നിലനിർത്താൻ സൂചികകൾക്കായില്ല. കഴിഞ്ഞ ഒന്പത് വർഷത്തിനിടെ ആദ്യമായാണ് ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂർത്ത ട്രേഡിംഗിൽ പ്രധാന ഓഹരിസൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിക്കുന്നത്.
ഇന്നലെ നടന്ന ഒരു മണിക്കൂർ നീണ്ട പ്രത്യേക വ്യാപാര സെഷന്റെ തുടക്കത്തിൽ പ്രധാന സൂചികകൾ ലാഭത്തിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ നഷ്ടത്തിലേക്കു വീഴുകയായിരുന്നു.
സെൻസെക്സ് 29 പോയിന്റ് ഇടിഞ്ഞ് 80,999.40ലും നിഫ്റ്റി 44 പോയിന്റ് നഷ്ടത്തിൽ 25,000 എന്ന നിലവാരത്തിന് താഴെ, 24,986ലും വ്യാപാരം പൂർത്തിയാക്കി. പ്രധാന സൂചികകളിൽ ഇടിവുണ്ടായെങ്കിലും, വിപണിയുടെ മൊത്തത്തിലുള്ള സ്ഥിതി അനുകൂലമായിരുന്നു.
പ്രധാന സൂചികകൾ നഷ്ടത്തിലായപ്പോൾ വിശാല വിപണിയിൽ നേട്ടമുണ്ടായി. നിഫ്റ്റി മിഡ്കാപ് 100 നിഫ്റ്റി സ്മോൾകാപ് 100 സൂചികകൾ ഉയർന്നാണ് ക്ലോസ് ചെയ്തത്. മേഖലാ സൂചികകളിൽ നിഫ്റ്റി മീഡിയ, നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ എന്നിവ ഒരു ശതമാനത്തിനു മുകളിൽ ഉയർന്നു. എന്നാൽ, ഫിനാൻഷ്യൽ സർവീസസ്, എഫ്എംസിജി, ഐടി, പിഎസ് യു ബാങ്ക്, പ്രൈവറ്റ് ബാങ്ക്, റിയൽറ്റി എന്നിവ നഷ്ടത്തിലേക്കു വീണു.
ഏഴു ദിവസത്തിനുശേഷം ഇടിവ്
ഇന്നലത്തെ വ്യാപാരത്തോടെ സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ ഏഴു ദിവസത്തെ നേട്ടത്തിനു വിരമാമിട്ടു. കഴിഞ്ഞയാഴ്ചയിൽ മാത്രം സെൻസെക്സ് 6569 പോയിന്റിന്റെ വൻകുതിച്ചുചാട്ടം നടത്തിയപ്പോൾ നിഫ്റ്റി ഒന്പത് ശതമാനം വരെ ഉയർന്നിരുന്നു. വിപണിയിലുണ്ടായ ശക്തമായ കുതിപ്പിനെത്തുടർന്ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത എല്ലാ കന്പനികളുടെയും വിപണി മൂല്യത്തിലേക്ക് ഏകദേശം 29 ലക്ഷം കോടി രൂപയാണ് കൂട്ടിച്ചേർത്തത്. കന്പനികളുടെ മൊത്തം മൂല്യം ആദ്യമായി 500 ലക്ഷം കോടി രൂപ കടക്കുകയും ചെയ്തു.
2017നുശേഷം
2017ലെ മുഹൂർത്ത ട്രേഡിംഗ് സെഷനിലാണ് സൂചികകൾ അവസാനമായി നഷ്ടത്തിൽ വ്യാപാരം പൂർത്തിയാക്കിയത്. അന്ന് സെൻസെക്സ് 0.6 ശതമാനം ഇടിഞ്ഞിരുന്നു. ഇതിനുമുന്പ് 2016ൽ സെൻസെക്സും നിഫ്റ്റിയും ചെറിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ 10 മുഹൂർത്ത ട്രേഡിംഗ് സെഷനുകളിൽ രണ്ടു തവണമാത്രമാണ് പ്രധാന സൂചികകൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്.
എച്ച്ഡിഎഫ്സി സ്കൈയിൽ നല്കുന്ന വിവരങ്ങൾ അനുസരിച്ച്, 2006 മുതൽ 2025 വരെയുള്ള കാലയളവിൽ 5 അവസരങ്ങളിൽ മാത്രമാണ് നിഫ്റ്റി 50 സൂചിക മുൻപത്തെ ക്ലോസിംഗിനേക്കാൾ താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചത്: 2007, 2009, 2012, 2016, 2017 എന്നിവയായിരുന്നു ആ വർഷങ്ങൾ. 2018 മുതൽ 50 ഓഹരികൾ ഉൾപ്പെടുന്ന ഈ സൂചിക ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിക്കുന്നത്.
30 ഓഹരികൾ ഉൾപ്പെടുന്ന സെൻസെക്സ് നാല് അവസരങ്ങളിൽ മാത്രമാണ് താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചത്: 2007, 2012, 2016, 2017 എന്നിവയിൽ. അതിനാൽ, കഴിഞ്ഞ പത്ത് വർഷത്തിൽ, നിഫ്റ്റി 50-യും സെൻസെക്സും തുടർച്ചയായ അവസാന 8 സെഷനുകളിലും ഉയർന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കൂടാതെ, കഴിഞ്ഞ 10 വർഷത്തെ മുഹൂർത്ത ട്രേഡിംഗ് സെഷനുകളിൽ 8 തവണയും പ്രധാന സൂചികകൾ ഉയർന്ന നിലയിലാണ് ക്ലോസ് ചെയ്തത്.