മുംബൈ: നീറ്റ് പരീക്ഷാ ഫലത്തില്‍ ഗുരുതര ക്രമക്കേട് ആരോപിച്ച് മഹാരാഷ്ട്രയില്‍നിന്നുള്ള വിദ്യാര്‍ഥി ഹൈക്കോടതിയെ സമീപിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍നിന്നുള്ള വിദ്യാര്‍ഥിയായ സോഹം ഗാവ്തെയാണ് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്.
ഔദ്യോഗിക ആന്‍സര്‍ കീയും തന്റെ ഒഎംആര്‍ ഷീറ്റും ഒത്തുനോക്കിയപ്പോള്‍ എഴുതിയ 148 ചോദ്യങ്ങളില്‍ 136 എണ്ണം ശരിയും 12 എണ്ണം തെറ്റുമാണെന്നു കണ്ടെത്തി. ഇതുപ്രകാരം 720ല്‍ 522 മാര്‍ക്ക് ലഭിക്കേണ്ട സ്ഥാനത്ത്, എന്‍ടിഎ പുറത്തുവിട്ട അന്തിമ സ്കോര്‍ കാര്‍ഡില്‍ തനിക്ക് 95 മാര്‍ക്ക് മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വിദ്യാര്‍ഥി ആരോപിക്കുന്നു.
മാര്‍ക്കിലെ അപാകത ചൂണ്ടിക്കാട്ടി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്ക് (എന്‍ടിഎ) ഇ-മെയില്‍ അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ല. തുടര്‍ന്ന് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
കേസ് നാളെ കോടതി വാദം കേള്‍ക്കാന്‍ മാറ്റിവച്ചിട്ടുണ്ട്. സോഹത്തിനു പത്താം ക്ലാസില്‍ 94.6% മാര്‍ക്കും പന്ത്രണ്ടാം ക്ലാസില്‍ 74.17% മാര്‍ക്കും ലഭിച്ചിരുന്നു.