മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്ന് മുംബൈയിലെ റെയിൽവേ ട്രാക്കുകൾ വെള്ളത്തിനടിയിലാവുകയും ലോക്കൽ ട്രെയിൻ സർവീസുകൾ താറുമാറാവുകയും ചെയ്ത പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയയിൽ ഒരു വന്ദേ ഭാരത് എക്സ്പ്രസിന്റെ വീഡിയോ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്.
മുംബൈയിലെ കാഞ്ഞൂർമാർഗിന് സമീപത്തുനിന്നുള്ളതാണെന്ന് പറയപ്പെടുന്ന ഈ ദൃശ്യങ്ങളിൽ, വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ട്രാക്കിലൂടെ ഒട്ടും വേഗത കുറയ്ക്കാതെ വന്ദേ ഭാരത് എക്സ്പ്രസ് മുന്നോട്ട് കുതിക്കുന്നതാണ് കാണാവുന്നത്.
ട്രെയിൻ അതിവേഗത്തിൽ പാഞ്ഞുപോയപ്പോൾ ഉയർന്ന കൂറ്റൻ ജലതരംഗങ്ങൾ ട്രാക്കിന് മുകളിലുള്ള ഹൈവേയിലേക്ക് വരെ ശക്തമായി തെറിച്ചുവീഴുന്നുണ്ട്. സിനിമയെ വെല്ലുന്ന രീതിയിലുള്ള ഈ ദൃശ്യങ്ങൾ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
ഹൈവേയിലുണ്ടായിരുന്ന ആളുകൾ പെട്ടെന്ന് എവിടുന്നാണ് ഇത്ര വലിയ വെള്ളച്ചാട്ടം വന്നതെന്ന് ഓർത്ത് ഭയന്നിട്ടുണ്ടാകുമെന്നും, ഇത്തരം സാഹസികതകൾ അപകടകരമാണെന്നും പലരും അഭിപ്രായപ്പെടുന്നു. എന്നാൽ, ഈ ദൃശ്യങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
കാഴ്ചയിൽ ചില കൃത്രിമത്വങ്ങൾ തോന്നുന്നതിനാൽ ഇത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നും മുംബൈയിൽ നിന്നുള്ളതല്ലെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ടെങ്കിലും ഇതിന്റെ സത്യാവസ്ഥ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഈ കൗതുക ദൃശ്യങ്ങൾ പ്രചരിക്കുമ്പോഴും കനത്ത മഴ കാരണം മുംബൈയിലെ ലോക്കൽ ട്രെയിൻ സർവീസുകൾ മിനിറ്റുകളോളം വൈകുന്നത് പതിവ് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നുണ്ട്.